X
    Categories: indiaNews

കാര്‍ഷിക ബില്ലുകളെ ‘പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാന്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എതിര്‍ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) വ്യക്തമാക്കി. മോദിസര്‍ക്കാരിന്റെ കര്‍ഷകബില്‍ പഞ്ചസാരയില്‍ മുക്കിയെടുത്ത ഗുളികകളാണെന്നും ഈ ബില്ലെന്നാണ് ബില്ലിനെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും ചന്ദ്രശേഖരറാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കര്‍ഷക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്‍്ട്ടികൂടിയായ ടിആര്‍എസ് മേധാവിയുടെ പ്രതികരണം.

‘കര്‍ഷകരോടുള്ള അനീതിയാണ് ഈ ബില്‍. പാര്‍ലമെന്റില്‍ ഏതുവിധേനയും ബില്ലിനെ എതിര്‍ക്കാന്‍ ടി.ആര്‍.എസ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- റാവു പറഞ്ഞു.

മോദി സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ കടക്കുന്നതില്‍ ഭരണകക്ഷിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. വേണ്ടത്ര അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതും സഖ്യകക്ഷികള്‍ പലരും ഇടഞ്ഞു നില്‍ക്കുന്നതും ചിലര്‍ പരസ്യമായി രംഗത്ത് വന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ടിആര്‍എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ഷകരോടുള്ള കടുത്ത അനീതിയാണ് ഈ ഫാം ബില്ലുകള്‍. രാജ്യത്തെ കര്‍ഷകര്‍ക്ക് അല്ല, കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ ബില്ലുകള്‍. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.  ബില്ലുകള്‍ സഭക്കുമുന്നിലെത്തുമ്പോള്‍ ‘പല്ലും നഖവും’ ഉപയോഗിച്ച് എതിര്‍ക്കാന്‍ ടിആര്‍എസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ദി ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ എന്നിവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രണ്ട് ഫാം ബില്ലുകളാണ് വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയത്. കോണ്‍ഗ്രസും ഡിഎംകെയും ഇടതുപാര്‍ട്ടികളും ബില്ലുകളെ എതിര്‍ക്കുകയും പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തിരുന്നു. ബിജെപിയുടെ അടുത്ത സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) ലോക്‌സഭയിലെ ബില്ലുകളെ എതിര്‍ക്കുകയും പാര്‍ട്ടി എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവക്കുകയുമുണ്ടായി.

243 ആണ് ഉപരിസഭയിലെ അംഗബലം. ഇതില്‍ 122 പേരുടെ പിന്തുണയാണ് ബില്‍ പാസാക്കാനായി വേണ്ടത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 105 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് നൂറും. രാജ്യസഭയിലെ പത്ത് എംപിമാര്‍ കോവിഡ് കാലം പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്, മുന്‍ ധനമന്ത്രി പി ചിദംബരം എന്നിവര്‍ അടക്കം 15 പേര്‍ ഈ സെഷനില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്. അംഗങ്ങള്‍ കുറയുന്ന വേളയില്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗ ബലത്തിലും കുറവുണ്ടാകും. ബിജെപിക്ക് മാത്രമായി 86 പേരാണ് ഉപരിസഭയിലുള്ളത്. ബാക്കിയുള്ളവര്‍ സഖ്യകക്ഷി അംഗങ്ങളും.

ഇതില്‍ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിക്ക് പിന്നാലെ ശിരോമണി അകാലിദളിന്റെ മൂന്ന് എംപിമാര്‍ ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും നല്‍കിയിരുന്നു. ബിജെപിയോട് സൗഹൃദം പുലര്‍ത്തുന്ന ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവയുടെ നിലാപടുകള്‍ ബില്ലില്‍ നിര്‍ണായകമാകുമെന്നിരിക്കെയാണ് ടിആര്‍എസ് മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ആറും ടിആര്‍എസിന് ഏഴും ബിജെഡിക്ക് ഒമ്പതും സീറ്റാണ് ഉള്ളത്. ബാക്കിയുള്ള പാര്‍ട്ടികളുടെ നിലപാടാണ് ഇനി കാത്തിരിക്കുന്നത്. 128 വോട്ടുകള്‍ ബില്ലുകള്‍ക്ക് അനുകൂലമായി ലഭിക്കും എന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

chandrika: