മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആകാംക്ഷയേറുകയാണ് പാര്‍ട്ടി നേതാക്കന്‍മാരിലും അണികളിലും. വിധിയറിയാന്‍ ഇനി രണ്ടു നാള്‍ കൂടിയാണ് ബാക്കി. ആക്‌സിസ് മൈ ഇന്ത്യയും ഇന്ത്യാ ടുഡേയും നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വിശദാംശങ്ങളില്‍, 2014 ല്‍ ബിജെപിയെ തുണച്ച പല ഘടകങ്ങളും ഇത്തവണ അവര്‍ക്കൊപ്പം ഉണ്ടാകില്ലെന്നാണ് സൂചിപ്പിക്കുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടര്‍മാര്‍, ഗ്രാമവാസികള്‍, കര്‍ഷകര്‍, ദലിതര്‍, തൊഴില്‍രഹിതര്‍, തുടങ്ങിയ വിഭാഗങ്ങളുടെ വോട്ട് കൂടുതലും കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വേ ഫലം തെളിയിക്കുന്നു.
മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 187 ഉം ഗ്രാമങ്ങളിലാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് 42% വോട്ടും ബിജെപിക്ക് 39 % വോട്ടും ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ഇവിടെ കോണ്‍ഗ്രസിനേക്കാള്‍ 5% വോട്ട് ബിജെപി അധികമായി നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഛത്തീസ്ഗഢില്‍ ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 82ഉം ഗ്രാമപ്രദേശങ്ങളിലാണ്. ഇവിടെയും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. 10% അധികവോട്ട് ഇവിടെ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
രാജസ്ഥാനിലും കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കം. 199 ല്‍ 169 മണ്ഡലങ്ങളും ഗ്രാമങ്ങളിലാണ്. ഇവിടെ ബിജെപിയേക്കാള്‍ 4% അധികവോട്ട് കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.
ഇക്കുറി യുവവോട്ടര്‍മാരും ബിജെപിയെ തുണക്കില്ലെന്ന് സര്‍വേഫലം വ്യക്തമാക്കുന്നു. ഛത്തീസ്ഗഢില്‍ പുതിയ വോട്ടര്‍മാരുടെ മാത്രം കണക്കെടുത്താല്‍ കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ 10 % ല്‍ അധികവോട്ട് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 3 % ല്‍ അധികം യുവവോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ തുണക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ദലിത്, തൊഴില്‍രഹിതരുമായ വോട്ടര്‍മാര്‍ എന്നിവരുടെ വോട്ട് ശതമാനം കണക്കാക്കിയാലും കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കമെന്ന് സര്‍വേ വ്യക്തമാക്കുന്നു.