X
    Categories: indiaNews

സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; കര്‍ഷകര്‍ക്കായി ഉച്ചഭാഷിണികള്‍ വിട്ടുകൊടുത്ത് ക്ഷേത്രങ്ങളും പള്ളികളും

ഡല്‍ഹി: ഇന്റര്‍നെറ്റ് വിച്ഛേദിച്ച സര്‍ക്കാര്‍ നടപടി മറികടന്ന് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡല്‍ഹിയിലും നാട്ടുകാര്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴിയാണ് കര്‍ഷകര്‍ ഇപ്പോള്‍ പ്രധാനമായും ആശയവിനിമയം നടത്തുന്നത്.

ക്ഷേത്രങ്ങള്‍, മുസ്‌ലിം പള്ളികള്‍, സിഖ് ഗുരുദ്വാരകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്കായി വാതില്‍ തുറന്നിട്ടുണ്ട്. വളണ്ടിയര്‍മാര്‍ ഇവിടെ നിന്ന് നല്‍കുന്ന സന്ദേശങ്ങള്‍ പ്രകാരമാണ് അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ സംഘങ്ങളായി പുറപ്പെടുന്നത്.

യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് സമരത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഘാസിപ്പൂരിലെ സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്നാലെയാണ് കര്‍ഷകര്‍ കൂട്ടത്തോടെ ഇവിടേക്ക് വന്നു കൊണ്ടിരിക്കുന്നത്.

പിന്‍വാങ്ങില്ലെന്നും സമരം ശക്തമായി തുടരുമെന്നും കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചിരുന്നു. സമരം ശക്തമായ ഹരിയാനയിലെ 17 ജില്ലകളില്‍ നിലവില്‍ ഇന്റര്‍നെറ്റ് സേവനമില്ല. ഡല്‍ഹിയിലെ സിംഗു, ഘാസിപ്പൂര്‍, തിക്രി എന്നിവിടങ്ങളിലും സേവനം നിര്‍ത്തിവച്ചിട്ടുണ്ട്. ഹരിയാന അംബാല, യമുനനഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപ്പത്ത്, ഹിസാര്‍, ജിന്ദ്, രോഹ്ടക്, ഭിവാനി, ഛര്‍കി ദാദ്രി, ഫത്‌ഹെബാദ്, റെവാരി, സിര്‍സ, സോണിപത്ത്, ഝാജ്ജര്‍, പല്‍വാല്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണം.

 

 

Test User: