ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി.
കാര്‍ഷിക വിളകളുടെ തകര്‍ച്ചയും കടക്കെണിയും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇത് നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ തെറ്റായ ദിശയില്‍ സഞ്ചരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ഷക ആത്മഹത്യ അതീവ ഗുരുതരമായ വിഷയമാണെന്നും ഇതിന് പരിഹാരം കാണുന്നതിനായി എന്ത് നയ പരിപാടിയാണ് കൈക്കൊണ്ടതെന്ന് കേന്ദ്രം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
കര്‍ഷകര്‍ ബാങ്കുകളില്‍ നിന്നും ലോണെടുക്കുന്നു, ഇത് തിരിച്ചടക്കാനാവാതെ അവര്‍ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യക്കു ശേഷം കര്‍ഷകര്‍ക്കു പണം നല്‍കേണ്ടതില്ലെന്നതു മാത്രമാണ് സര്‍ക്കാര്‍ കാണുന്ന പരിഹാരം, ഇത് തടയാന്‍ സര്‍ക്കാറിന് പദ്ധതി വേണ്ടേ എന്നും കോടതി ചോദിച്ചു. കര്‍ഷക ആത്മഹത്യ പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. എന്നിട്ടും ഇത് നിയന്ത്രിക്കാന്‍ കാര്യമായ നടപടികളുണ്ടാവുന്നില്ലെന്നത് അല്‍ഭുതപ്പെടുത്തുന്നതായും സുപ്രീം കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ആത്മഹത്യ നിരക്ക് ഗണ്യമായി കുറക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അതേ സമയം 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിള ഇന്‍ഷൂറന്‍സ് അടക്കം നിരവധി പദ്ധതികള്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനായി ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ കോടതിയെ അറിയിച്ചു. ഗുജറാത്തിലെ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടി സിറ്റിസണ്‍ റിസോഴ്‌സ് ആന്റ് ആക്ഷന്‍ ആന്റ് ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുയായിരുന്നു കോടതി.
ഗുജറാത്തില്‍ തുങ്ങുന്നതല്ല വിഷയമെന്നു ചൂണ്ടിക്കാട്ടിയ കോടതി പൊതു വിഷയമായി പരിഗണിക്കുയായിരുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 27ലേക്കു മാറ്റി.