കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കലക്ടറുടെ നടപടി. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് പുറമെ വില്ലേജ് ഓഫീസറെയും ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പെന്‍ഡ് ചെയ്തു. ചെമ്പനോട വില്ലേജ് ഓഫീസര്‍ സണ്ണിയെയും വില്ലേജ് അസിസ്റ്റന്റ് സിലീഷിനേയുമാണ് സസ്പെന്‍ഡ് ചെയ്തത്.
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനം നൊന്തായിരുന്നു കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തത്. വിഷയത്തില്‍ വില്ലേജ് ഓഫീസറോട് അടിയന്തരമായി വിശദീകരണം നല്‍കാന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കെ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ബുധനാഴ്ചയായിരന്നു കര്‍ഷനായ ജോയി തൂങ്ങി മരിച്ചത്. സംഭവത്തെ തുടര്‍ന്ന നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതശരീരം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധം.
അതേസമയം സംഭവ സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നികുതി സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുകയായുരുന്നു. തുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റിനെ ഇന്നു തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നും നികുതി സ്വീകരിക്കാന്‍ ഇന്ന് തന്നെ അവസരമൊരുക്കുമെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.