X

കര്‍ഷക ആത്മഹത്യയുടെ മോദിക്കാലം

എ.പി ഇസ്മയില്‍

അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി മാറ്റുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പ്രഖ്യാപിച്ചത്. പ്രകടന പത്രികയിലും ഈ വാഗ്ദാനം ബി.ജെ.പി ഉള്‍കൊള്ളിച്ചു. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കും, രാജ്യത്തെവിടെയുമുള്ള വിപണികളില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും, ഇടനിലക്കാരെ ഒഴിവാക്കും… തുടങ്ങി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളും ബി.ജെ.പി അന്ന് അവതരിപ്പിച്ചു. എന്നാല്‍ അധികാരത്തിലെത്തിയതോടെ മോദി കാര്‍ഷിക മേഖലയെ തന്നെ മറന്നു. ഇത് കേവലം ആരോപണമല്ല. പാര്‍ലമെന്റിലും രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുന്നിലും മോദി സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ച കണക്കുകള്‍ സാക്ഷ്യം പറയുന്ന വസ്തുതയാണ്.
യു.പി.എ ഭരണകാലത്തെ അപേക്ഷിച്ച് മോദി ഭരണത്തില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകി. വിളകള്‍ക്ക് വിലയില്ലാതായതും വിപണി നഷ്ടമായതും കര്‍ഷകരെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടു. നോട്ടു നിരോധനത്തെതുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യസമാനമായ അവസ്ഥ കര്‍ഷകരുടെ ജീവിതം കൂടുതല്‍ നരക തുല്യമാക്കി മാറ്റി. ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡിലൊഴിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ചിത്രം മാധ്യമങ്ങളില്‍ ഇടംപിടിച്ചത് മോദി ഭരണത്തിലായിരുന്നു. വിളകള്‍ കര്‍ഷകര്‍ റോഡില്‍ തള്ളി പ്രതിഷേധിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെവര്‍ഷം(2015)ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 12,602 കര്‍ഷകരാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കാണിത്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4291 കര്‍ഷകര്‍ ഇവിടെ ജീവനൊടുക്കി. കര്‍ണാടകയില്‍ 1569ഉം തെലുങ്കാനയില്‍ 1400ഉം മധ്യപ്രദേശില്‍ 1290ഉം ഛത്തീസ്ഗഡില്‍ 954ഉം കര്‍ഷകരാണ് 2015ല്‍ ജീവനൊടുക്കിയത്. കര്‍ഷക ആത്മഹത്യയില്‍ മൂന്നില്‍നില്‍ക്കുന്ന ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും അന്ന് ബി.ജെ.പി ഭരണമായിരുന്നുവെന്ന് കൂടി ഓര്‍ക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കര്‍ഷക ആത്മഹത്യകളുടെ കണക്ക് പുറത്തുവിടാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രാജ്യത്ത് ഓരോ വര്‍ഷം നടക്കുന്ന കുറ്റകൃത്യങ്ങളുടേയും കണക്കുകള്‍ ഇനം തിരിച്ച് ശേഖരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് തൃണമൂല്‍ എം.പിയുടെ ചോദ്യത്തിന്, 2018 ഡിസംബര്‍ 20ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. ആത്മഹത്യ ക്രിമിനല്‍ കുറ്റമായ രാജ്യത്ത് കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നുവെന്നാണ് വസ്തുത. കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ മോദി ഭരണത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാകുമായിരുന്നു. ഇത് ഒഴിവാക്കാന്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മൂടിവെക്കുകയായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ഷിക പ്രതിഷേധങ്ങള്‍ അരങ്ങേറിയതും മോദി ഭരണത്തിലെ അവസാനത്തെ രണ്ടു വര്‍ഷങ്ങളിലായിരുന്നു. മഹാരാഷ്ട്രയിലേയും ബിഹാര്‍ ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച്, ഛത്തീസ്ഗഡിലെ കര്‍ഷക പ്രതിഷേധം തുടങ്ങിയവയെല്ലാം ഉദാഹരണം.
മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം എഴുതിത്തള്ളിയത് മൂന്നര ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങളാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി അലിവു കാണിക്കുന്ന മോദി സര്‍ക്കാര്‍ പക്ഷേ ഒരു രൂപയുടെ പോലും കാര്‍ഷിക കടങ്ങള്‍ അഞ്ചു വര്‍ഷത്തിനിടെ എഴുതിത്തള്ളിയില്ല. മാത്രമല്ല, റിസര്‍വ് ബാങ്കിനെ കൂട്ടുപിടിച്ച് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ നിരന്തരം എതിര്‍ക്കുകയും ചെയ്തു. 2018ല്‍ അധികാരത്തില്‍ വന്ന പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ ചെറിയ ഇടവേളക്കു ശേഷം വീണ്ടും പുതിയ മാതൃക സൃഷ്ടിച്ചത്. പിന്നീട് ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയപ്പോഴും കോണ്‍ഗ്രസ് പഞ്ചാബ് മോഡല്‍ ആവര്‍ത്തിച്ചു. എന്നാല്‍ അന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും ചെയ്തത്.
കര്‍ഷക ആത്മഹത്യയുടെ വിവരങ്ങള്‍ മൂടിവെച്ചതുപോലെ, കാര്‍ഷിക വളര്‍ച്ചാനിരക്ക് പെരുപ്പിച്ചു കാട്ടാനും മോദി സര്‍ക്കാര്‍ ആസൂത്രിത നീക്കങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയത്. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ ഇതിന് തെളിവു കാണാം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസ പാദത്തില്‍ കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ 3.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് 2018 ഡിസംബറില്‍ പുറത്തിറക്കിയ സാമ്പത്തിക വളര്‍ച്ചാ വിശകലന റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകൡ തെറ്റുണ്ട്. സാമ്പത്തിക വളര്‍ച്ച കണക്കുകൂട്ടുന്നത് രണ്ടു ഏകകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്ന് തന്നാണ്ട് വളര്‍ച്ചയും മറ്റൊന്ന് സ്ഥിര വളര്‍ച്ചയും. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക രംഗത്തുണ്ടായ മുന്നേറ്റമാണ് തന്നാണ്ട് വളര്‍ച്ച. ഉത്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനവു വരെ ഇതില്‍ വളര്‍ച്ചയായാണ് കണക്കാക്കപ്പെടുക എന്നതുകൊണ്ടുതന്നെ ഈ രീതിക്ക് പരിമിതികള്‍ ഉണ്ട്. പകരം ഏതെങ്കിലുമൊരു വര്‍ഷത്തെ വിലപ്പെരുപ്പം ഉള്‍പ്പെടെ അടിസ്ഥാന അളവുകോലായി നിശ്ചയിച്ച് നടത്തുന്ന കണക്കുകൂട്ടലാണ് സ്ഥിര സാമ്പത്തിക വളര്‍ച്ച. ഇതാണ് യഥാര്‍ത്ഥ വളര്‍ച്ച കണക്കാക്കുന്ന രീതി. അടിസ്ഥാന വര്‍ഷത്തെ ആധാരമാക്കിയുള്ള കണക്കില്‍ മോദി ഭരണത്തിലെ കാര്‍ഷിക വളര്‍ച്ച രണ്ടു ശതമാനത്തില്‍ താഴെയാണ്. ഇതാണ് തന്നാണ്ട് വളര്‍ച്ചയുടെ കണക്കുകള്‍ ആയുധമാക്കി 3.8 ശതമാനമെന്ന് സര്‍ക്കാര്‍ പെരുപ്പിച്ചു കാട്ടുന്നത്.
മോദി സര്‍ക്കാറിനെതിരെ കര്‍ഷക രോഷം ശക്തമാണ്. പഞ്ചാബിലും പിന്നീട് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് അധികാരത്തിലേക്ക് വഴി തുറന്നത് ഈ പ്രതിഷേധം കൂടിയാണ്. ഇത് തിരിച്ചറിഞ്ഞാണ് അവസാന വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയുടെ ധനസഹായ പാക്കേജ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കര്‍ഷക രോഷം ശമിപ്പിക്കാനുള്ള അവസാന അടവായിരുന്നു ഇത്. മൂന്ന് ഘഡുക്കളായി രണ്ടായിരം രൂപ വീതം അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കുകയും ചില സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം ലഭിക്കുകയും ചെയ്തു. എന്നാല്‍ കേരളം ഉള്‍പ്പെടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അപേക്ഷ നല്‍കിയ ആയിരങ്ങള്‍ക്ക് സഹായമെത്തിയിട്ടില്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപനം മോദിയുടെ കിസാന്‍ നിധിയുടെ മുനയൊടിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ ആറായിരം രൂപ ലഭിച്ചിട്ട് എന്തു ചെയ്യാനാണെന്നായിരുന്നു എന്‍.ഡി.ടി.വി നടത്തിയ സര്‍വേയില്‍ ഛത്തീസ്ഗഡിലെ കര്‍ഷകന്‍ ജനക്ഭായ് ഗൊണ്ടാലിയയുടെ ചോദ്യം. കൃഷിടിയത്തില്‍ ജോലിക്കു വരുന്ന ഒരാള്‍ക്ക് ദിവസം 300 രൂപ കൂലി നല്‍കണം(താരതമ്യേന കൂലി കുറവുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്). മോദി നല്‍കുന്ന കൂലി ഒരു മാസത്തിന്റെ പകുതി ദിവസത്തേക്ക് കൂലി കൊടുക്കാന്‍ പോലും തികയില്ല. പിന്നെ എന്തിന് ഇങ്ങനെയൊരു പദ്ധതി. തുച്ഛം പൈസ തന്ന് കബളിപ്പിക്കാന്‍ തങ്ങള്‍ യാചകരാണോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനു മുന്നില്‍ ഗൊണ്ടാലിയയുടെ ചോദ്യം. താരതമ്യേന കൂലി കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ പറയാതിരിക്കുകയാകും ഭേദം.
കാര്‍ഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ ഇവയാണ്. കൂടിയ ഉത്പാദനച്ചെലവ്. വിപണിയുടെ അപര്യാപ്തതയും അനിശ്ചിതത്വവും. ജലസേചന അപര്യാപ്ത, കൃഷിക്കായി ഉയര്‍ന്ന പലിശക്കും വട്ടിപ്പലിശക്കാരില്‍നിന്നും കടമെടുക്കേണ്ടി വരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെയൊന്നും അഭിമുഖീകരിക്കാന്‍ മോദി സര്‍ക്കാര്‍ ഒരിക്കല്‍പോലും ശ്രമിച്ചിട്ടില്ല. കാര്‍ഷിക കടം എഴുതിത്തള്ളല്‍ പിടിച്ചുനില്‍ക്കാനുള്ള കര്‍ഷകനു മുന്നിലെ അവസാന പിടിവള്ളിയാണ്. അതുപോലും നിഷേധിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാവുകയാണ്. കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ നിര്‍ലജ്ജം ന്യയീകരിക്കുന്ന മോദിസര്‍ക്കാര്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരുമെന്ന് വാദിക്കുന്നതിലെ യുക്തിയാണ് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്.

web desk 1: