ഭോപാല്‍: കര്‍ഷക സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. തലസ്ഥാന നഗരിയായ ഭോപാലിലെ ദസറ മൈതാനിയിലാണ് മുഖ്യമന്ത്രി സമരം തുടങ്ങിയത്. മന്ദ് സോറില്‍ കര്‍ഷക സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമരം കൂടുതല്‍ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാര സമരവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അധ്വാനം വെറുതെയാവില്ലെന്നും ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും സമരം ആരംഭിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വന്‍തോതില്‍ വിളവുത്പാദിപ്പിച്ചിട്ടും വിലയിടിവ് കാരണം നഷ്ടം നേരിടേണ്ടി വരുന്ന കര്‍ഷകരുടെ ദുരിതം തനിക്ക് മനസ്സിലാകും. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലസേചന സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. കൃഷി ലാഭകരമായ സംരംഭമാക്കി മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താല്‍പര്യമെടുത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ സോയ കൃഷി നാശത്തെതുടര്‍ന്ന് കര്‍ഷകരെ രക്ഷിക്കാന്‍ 4800 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. സമാനമായ രീതിയില്‍ തൊട്ടു മുമ്പത്തെ വര്‍ഷവും 4400 കോടിയുടെ കാര്‍ഷിക പാക്കേജ് അനുവദിച്ചുവെന്നും സമരം പിന്‍വലിച്ച് കര്‍ഷകര്‍ സര്‍ക്കാറിനൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടു.
പൈജാമയും കുര്‍ത്തയും നെഹ്‌റു ജാക്കറ്റും ധരിച്ച് ഭാര്യ സദനക്കൊപ്പമാണ് ചൗഹാന്‍ കാലത്ത് 10 മണിയോടെ സമരപ്പന്തലില്‍ എത്തിയത്. 11 മണിക്ക് മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷി ചൗഹാന്റെ നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തി സമരം ഉദ്ഘാടനം ചെയ്തു.
അതേസമയം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ച കര്‍ഷക സമരം പത്താം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തുന്ന നിരാഹാര സമരം കര്‍ഷകരെ വഞ്ചിക്കാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധിയന്‍ സമരമാര്‍ഗമാണ് താന്‍ അനുഷ്ഠിക്കുന്നതെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ ഇരിക്കാനോ വണങ്ങാനോ തയ്യാറാകാതെയാണ് അദ്ദേഹം സമരപ്പന്തലില്‍ എത്തിയത്. ഓരോ വര്‍ഷവും തിന്മയുടെ രാജാവായ രാവണനെ ചുട്ടെരിക്കപ്പെടുന്നതിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന മണ്ണാണ് ദസറ മൈതാനി. കര്‍ഷക വിരുദ്ധ ഭരണത്തിന്റെ അന്ത്യം കുറിക്കുന്നത് ആ മണ്ണില്‍നിന്നായിരിക്കുമെന്നും രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തും സമാന നാടകം അദ്ദേഹം നടത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
- 8 years ago
chandrika