ന്യൂഡല്‍ഹി: പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളും തമ്മില്‍ ഇന്ന് ചര്‍ച്ച. വൈകിട്ട് 6 മണിക്ക് ചണ്ഡിഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, പീയുഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ ഉണ്ടാകും.
നേരത്തേ നടന്ന മൂന്നു ചർച്ചകളും താങ്ങുവില സംബന്ധിച്ച തർക്കങ്ങളാൽ അലസിപ്പിരിഞ്ഞിരുന്നു. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു. സർക്കാർ വിചാരിച്ചാൽ ഒറ്റരാത്രികൊണ്ട് അതുചെയ്യാം. കാർഷികകടങ്ങൾ എഴുതിത്തള്ളാം. ഞായറാഴ്ചത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പന്ത് സർക്കാരിന്റെ കളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെക്കാൾ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും സർക്കാർ പ്രാധാന്യം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാളും ആവശ്യപ്പെട്ടു.
ശനിയാഴ്ച്ച കര്‍ഷകര്‍ ഹരിയാനയിലെ ബിജെപി നേതാക്കളുടെ വസതിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ റെയില്‍ റോക്കോ പ്രതിഷേധം സംഘടിപ്പിച്ച നൂറിനടുത്ത് കര്‍ഷകരെ അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഫെബ്രുവരി 19 വരെ ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനത്തിനും എസ്എംഎസ് സര്‍വ്വീസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.