X

മൂന്നുമാസത്തേക്കുള്ള ഭക്ഷണം, കൂറ്റന്‍ വാട്ടര്‍ ടാങ്ക്; ജയിച്ചേ തിരിച്ചുള്ളുവെന്ന് കര്‍ഷകര്‍

ഡല്‍ഹി: എത്ര തടഞ്ഞാലും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരത്തില്‍ നിന്ന് പിന്നോട്ടിലെന്ന് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി. പഞ്ചാബില്‍ നിന്ന് ഡല്‍ഹിലിയേക്ക് പുറപ്പെട്ട കര്‍ഷകരെ ഹരിയാനയില്‍ പൊലീസ് തടഞ്ഞിരുന്നു. പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പഞ്ചാബും ഹരിയാനയും തമ്മിലുള്ള വിഷമയല്ല. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്നമാണ് എന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി നാഷണല്‍ കണ്‍വീനര്‍ വി എം സിങ് പറഞ്ഞു. കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള അധികൃതരുടെ ആശങ്ക തങ്ങള്‍ക്ക് മനസ്സിലാകും. പക്ഷേ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാത്തത് എന്നും അദ്ദേഹം ചോദിച്ചു.

മൂന്നുമാസംവരെ സമരം തുടര്‍ന്നാലും അതിനാവശ്യമായ ഭക്ഷണവും മറ്റുമായാണ് ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ എത്തിയത്. 5,000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, ഗ്യാസ് സ്റ്റൗ, ഇന്‍വര്‍ട്ടര്‍, മൂന്നുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവ കര്‍ഷകരുടെ കൈവശമുണ്ട്. തണുപ്പില്‍ നിന്ന് രക്ഷപ്പെടാനായി ടാര്‍പ്പോളിനും കമ്പിളിപ്പുതപ്പും ഇവര്‍ കരുതിയിട്ടുണ്ട്.

‘ഞങ്ങള്‍ ജയിക്കാനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണ്’-കര്‍ഷകര്‍ പറയുന്നു.

 

Test User: