X
    Categories: indiaNews

‘സമരമുഖത്തും അന്നം നല്‍കാന്‍ അവര്‍ മറന്നില്ല’; തങ്ങളെ തടയാനെത്തിയ പൊലീസുകാര്‍ക്ക് ഭക്ഷണം വിളമ്പി കര്‍ഷകര്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്തേക്കു പ്രകടനം നയിച്ചെത്തിയ കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നു. ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്തു സമരം അനുവദിക്കാമെന്ന ഡല്‍ഹി പൊലീസിന്റെ വാഗ്ദാനം കര്‍ഷക സംഘടനകള്‍ തള്ളി.

മണ്ണിന്റെ പോരാട്ടവീര്യവും ‘ധര്‍ത്തീമാതാ കീ ജയ്’ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനു പേര്‍ ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി എന്നിവിടങ്ങളില്‍ രാത്രി നിലയുറപ്പിച്ചിരിക്കുകയാണ്. മധ്യ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരത്തിന് അനുമതി ലഭിക്കും വരെ ഇവിടെ തങ്ങുമെന്നറിയിച്ച കര്‍ഷകര്‍, താല്‍ക്കാലിക താമസ സൗകര്യങ്ങളും സജ്ജമാക്കി. 6 മാസം വരെ ഡല്‍ഹിയില്‍ തങ്ങാന്‍ ലക്ഷ്യമിട്ട് ഭക്ഷ്യസാധനങ്ങളും വിറകുമടക്കം ട്രാക്ടറുകളില്‍ കൊണ്ടുവന്നിട്ടുണ്ട്.

ജന്തര്‍ മന്തറിലേക്കു പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്നു നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. ബാരിക്കേഡുകള്‍ നിരത്തി അതിര്‍ത്തിയിലുടനീളം പൊലീസും സന്നാഹങ്ങള്‍ ശക്തമാക്കി.

അതേസമയം, കഴിഞ്ഞദിവസം ജലപീരങ്കിയും ലാത്തിയുമായി തങ്ങളെ നേരിട്ട പൊലീസിനു കര്‍ഷകര്‍ ഇന്നലെ റൊട്ടിയും പരിപ്പുകറിയും വിളമ്പി. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ റോഡില്‍ കര്‍ഷക യാത്ര തടയാന്‍ പൊലീസ് കുഴിച്ച കുഴിയില്‍ തന്നെ അടുപ്പ് കൂട്ടി. ഹരിയാനയിലെ കര്‍ണാലിലുള്ള സിഖ് ഗുരുദ്വാരയിലെ അംഗങ്ങളും പൊലീസിനു ഭക്ഷണവുമായെത്തി.

 

 

 

Test User: