ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക കൂട്ടായ്മ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. തങ്ങളുടെ പ്രക്ഷോഭം കാരണം യാത്രയ്ക്ക് അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാണ് പൊതുജനത്തോട് കര്‍ഷക സംഘടനകള്‍ മാപ്പ് പറഞ്ഞത്.
അതിര്‍ത്തികള്‍ അടച്ചതുമൂലം പൊതുജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കര്‍ഷക സംഘടനകള്‍ ലഘുലേഖകള്‍ അടിച്ചിറക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തങ്ങള്‍ വെച്ച ആവശ്യങ്ങള്‍ നിരത്തികൊണ്ട് പൊതുജനത്തോട് ക്ഷമ ചോദിക്കുന്ന ഉള്ളടക്കമാണ് ലഘുലേഖയിലുള്ളത്.
‘ഞങ്ങള്‍ കര്‍ഷകരാണ്, ഞങ്ങളെ ഭക്ഷ്യ ദാതാക്കള്‍ എന്ന് വിളിക്കുന്നു. പ്രധാനമന്ത്രി ഈ മൂന്ന് പുതിയ നിയമങ്ങളും സമ്മാനമായി തന്നതാണെന്ന് പറയുന്നു. ഇത് ഒരു സമ്മാനമല്ല, ശിക്ഷയാണെന്ന് ഞങ്ങള്‍ പറയുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പ് നല്‍കുക. റോഡുകള്‍ തടയുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങള്‍ ഇവിടെ ആവശ്യക്കാരായിട്ട് ഇരിക്കുകയാണ്. എന്നിരുന്നാലും ഞങ്ങളുടെ പ്രക്ഷോഭം നിങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് എന്ത് അത്യാവശ്യമുണ്ടെങ്കിലും ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ ബന്ധപ്പെട്ടാല്‍ മതി.’ ലഘുലേഖയില്‍ പറയുന്നു.
തങ്ങള്‍ക്ക് ആരുടേയും ദാനം വേണ്ടെന്നും വില മാത്രം മതിയെന്നും കര്‍ഷകര്‍ കൂട്ടിചേര്‍ക്കുന്നു.’ഞങ്ങള്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു ആവശ്യമാണിത്. സര്‍ക്കാര്‍ ഞങ്ങളോട് സംസാരിക്കുന്നതായി നടിക്കുകയാണെങ്കിലും ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല’ കര്‍ഷകര്‍ പറഞ്ഞു. അതേസമയം, കര്‍ഷക പ്രക്ഷോഭം 20ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരങ്ങള്‍ ഇനിയും ശക്തമാക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.