X
    Categories: keralaNews

എല്‍.ഡി.എഫ് മലയോര ഹര്‍ത്താല്‍ ഇരട്ടത്താപ്പെന്ന് കര്‍ഷകര്‍

കോഴിക്കോട് : സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന മലയോര ഹര്‍ത്താല്‍ ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തി കര്‍ഷകര്‍ തന്നെ രംഗത്ത്. കര്‍ഷകരെ കബളിപ്പിക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നാണ് മലയോര മേഖലകളില്‍ ജീവിക്കുന്നവര്‍ പറയുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്നാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എല്‍.ഡി.എഫ് ഹര്‍ത്താല്‍.

2019 ഒക്ടോബര്‍ 23 ലെ മന്ത്രിസഭാ യോഗത്തില്‍ സംരക്ഷിത വനങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോ മീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയാക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധം കൊണ്ട് മാത്രം തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയി. ഇപ്പോള്‍ കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ പറയുന്നത് കൃത്യമായ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയത്തിനതീതമായി കാര്യങ്ങള്‍ വിലയിരുത്തുന്ന കര്‍ഷകര്‍ പറയുന്നു.

സംരക്ഷിത വനത്തിനു ചുറ്റും ബഫര്‍സോണാക്കുകയെന്നത് ഒന്നാം പിണറായി സര്‍ക്കാറിന്റെ മുന്‍കൂട്ടിയുറപ്പിച്ചുള്ള തീരുമാനമായിരുന്നു. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മലയോര പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങള്‍ എടുത്തു കളയേണ്ട ഭരണകൂടം അതു ചെയ്യാതെ കണ്ണില്‍ പൊടിയിടാനായി ഹര്‍ത്താല്‍ നടത്തുകയാണ് ചെയ്യുന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സംരക്ഷിത വനത്തിനു ചുറ്റും ബഫര്‍സോണ്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീരുമാനമെടുക്കുന്നത് വരെ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ല. കേരളത്തിലെ ജനസാന്ദ്രത കൂടിയ മലയോര പ്രദേശങ്ങളുടെ സ്വഭാവവും ജനങ്ങള്‍ക്ക് ഇതുണ്ടാക്കുന്ന പ്രയാസവും സര്‍ക്കാറിന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താമായിരുന്നു. സമീപ കാലത്തായി വന്യമൃഗങ്ങളുടെ ശല്യം മലയോര പ്രദേശങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാണ്. എന്നിട്ടും സര്‍ക്കാര്‍ ഇടപെടാതെ മാറി നിന്നു.

എല്ലാം കഴിഞ്ഞ് ഹര്‍ത്താലുമായി വന്ന് ജനങ്ങളെ വിഡ്ഢിയാക്കുകയാണ് സംസ്ഥാന ഭരണകൂടമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
സുപ്രീംകോടതി ഉത്തരവിനെതിരേ കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളില്‍ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തിലെ മലയോരമേഖലകളിലുമാണ് ഹര്‍ത്താല്‍ നടത്തുന്നത്.

Chandrika Web: