ചണ്ഡിഗഡ് ഞായറാഴ്ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയില്‍ സർക്കാര്‍ മുന്നോട്ടു വച്ച അഞ്ചുവർഷ ഫോർമുലയെ തള്ളി കർഷക സംഘടനകൾ. സമരത്തിൽ നേരിട്ടു പങ്കെടുക്കാത്ത സംയുക്ത കിസാന്‍ മോർച്ച (എസ്കെഎം) സർക്കാരിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന തീരുമാനം സ്വീകരിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാർ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച മുതൽ ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിങ് പാന്ധേർ വ്യക്തമാക്കി.
അടുത്ത അഞ്ചു വർഷത്തേക്കു കർഷകരിൽ നിന്ന് പയറുവർഗങ്ങൾ, പരുത്തിവിളകൾ, ചോളം എന്നിവ സർക്കാരിന്റെ സഹകരണ സംഘങ്ങൾ വഴി താങ്ങുവിലയ്ക്കു വാങ്ങാമെന്ന നിർദേശമാണ് എസ്കെഎം തള്ളിയത്. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ആരോപിച്ചു. ഇപ്പോൾ നടക്കുന്ന സമരത്തിൽ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ് പ്രധാനമായും പങ്കെടുക്കുന്നതെങ്കിലും എസ്കെഎമ്മിന്റെ നിരീക്ഷണങ്ങള്‍ കർഷകരുടെ ദില്ലി ചലോ മാർച്ചിനെ വീണ്ടും സംഘർഷഭരിതമാക്കിയേക്കും.
പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലേക്ക് ബുധനാഴ്ച കൂടുതൽ കർഷകർ സംഘടിച്ച് എത്തുമെന്നാണ് വിവരം. 2014ലെ തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം നൽകിയതുപോലെ, 23 ഇനം കാർഷിക വിളകളും അര്‍ഹമായ താങ്ങുവില നല്‍കി സംഭരിക്കാൻ സർക്കാർ തയാറാകണമെന്ന് എസ്കെഎം ആവശ്യപ്പെട്ടു.
നിലവിലുള്ള രീതിക്കു പകരം സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ചിട്ടുള്ള ഫോർമുല പ്രകാരമുള്ള താങ്ങുവില ലഭ്യമാക്കണം. നാലുവട്ടം ചര്‍ച്ച നടന്നിട്ടും നടപടിക്രമങ്ങൾ സുതാര്യമാക്കാനുള്ള നീക്കം മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കടം എഴുതിത്തള്ളൽ, ഇൻഷുറൻസ്, വൈദ്യുതി നിരക്ക് വർധിപ്പിക്കാതിരിക്കൽ, കർഷകർക്കു മേൽ ചുമത്തപ്പെട്ട കേസ് പിന്‍വലിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും എസ്കെഎം ചൂണ്ടിക്കാട്ടി.