X

ഞങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണോ? മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷകര്‍

 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍ തടഞ്ഞതെന്ന് നരേഷ് തികെയ്ത് ചോദിച്ചു.

റാലി സമാധാനപരമായാണ് മുന്നേറുന്നതെന്നും ഞങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെയുള്ള സര്‍ക്കാറിനോട് പറയാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ ആരോടാണ് പറയേണ്ടതെന്നും ചോദിച്ച നരേഷ് ഞങ്ങള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ’യെന്നും ചോദിച്ചു.

ഹരിദ്വാറില്‍ നിന്നാരംഭിച്ച കര്‍ഷക മാര്‍ച്ച് ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഗാസിയാബാദില്‍ പൊലീസ് തടഞ്ഞത്. ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. നിരവധി റൗണ്ട് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിന്‍മാറാന്‍ തയ്യാറാകാതിരുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ‘ഞങ്ങള്‍ തീവ്രവാദികളല്ല ഞങ്ങള്‍ മുന്നോട്ടുപോകും’ എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ കര്‍ഷകര്‍ പിന്നെയും മുന്നോട്ട് നീങ്ങുകയാണ്. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, ഇന്ധനവിലവര്‍ദ്ധന തടയുക, എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

chandrika: