ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കായികതാരങ്ങള്‍. പദ്മശ്രീ, അര്‍ജുന ജേതാക്കളാണ് പുരസ്‌കാരം തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
അര്‍ജുന പുരസ്‌കാരം നേടിയ റസ്‌ലര്‍ കര്‍താര്‍ സിങ്, ബാസ്‌കറ്റ് ബോള്‍ അവാര്‍ഡ് ജേതാവ് സജ്ജന്‍ സിങ് ചീമ, ഹോക്കി താരം രാജ്ബീര്‍ കൗര്‍ തുടങ്ങിയവരാണ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതില്‍ പ്രമുഖര്‍.
ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനു മുമ്പില്‍ പുരസ്‌കാരങ്ങള്‍
വയ്ക്കുമെന്നും താരങ്ങള്‍ അറിയിച്ചു. കര്‍ഷകര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിച്ച ഹരിയാന-കേന്ദ്രസര്‍ക്കാറുകള്‍ക്കെതിരെ ഇവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കുറച്ചു മാസങ്ങളായി അവര്‍ സമാധാനപരമായ പ്രക്ഷോഭമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരൊറ്റ അക്രമം പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ അവര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു. ഞങ്ങളുടെ മുതിര്‍ന്നവരുടെയും സഹോദരന്മാരുടെയും തലപ്പാവ് ആട്ടിയഴിക്കുന്ന വേളയില്‍ ഈ പുരസ്‌കാരങ്ങളും ബഹുമതികളും കൊണ്ട് ഞങ്ങളെന്തു ചെയ്യും? ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു. ആ പുരസ്‌കാരങ്ങള്‍ ഞങ്ങള്‍ക്കു വേണ്ട. അതു കൊണ്ടത് തിരിച്ചു നല്‍കുന്നു’ – ചീമ പറഞ്ഞു.
കര്‍ഷകര്‍ക്ക് ഈ നിയമങ്ങള്‍ വേണ്ടെങ്കില്‍ പിന്നെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് അതടിച്ചേല്‍പ്പിക്കുന്നത് എന്ന് പഞ്ചാബ് പൊലീസില്‍ നിന്ന് വിരമിച്ച കര്‍താര്‍ സിങ് ചോദിച്ചു. ഹരിയാനയിലെ മുന്‍ കളിക്കാരും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചു.