മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജന്മദിനാഘോഷം ഹോട്ടലില്‍ വച്ച് നടത്തുന്നതിനിടെ കര്‍ഷകര്‍ ഹോട്ടല്‍ വളഞ്ഞു. ഇതോടെ ബിജെപി നേതാക്കളെല്ലാം പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു. പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം. ഇവിടേക്ക് ഭാര്‍തി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു.
കാലി, കോഴി തീറ്റ വ്യാപാരം നടത്തുന്ന ബിജെപി നേതാവിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഹോട്ടല്‍. ബിജെപി നേതാവ് നടത്തുന്ന കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കന്മാരെ സമരക്കാര്‍ തടഞ്ഞു. ബിജെപി നേതാക്കളെ സമരക്കാര്‍ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചില്ല.
ബിജെപി മഹിളാ നേതാവ് ഭാരതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കളെയാണ് തടഞ്ഞത്. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. യൂണിയന്‍ വൈസ് പ്രസിഡന്റ് കൃപലാല്‍ സിംഗ് മുസ്സപൂറിന്റെ നേതൃത്വത്തിലായിരുന്നു സമരം.