ന്യൂഡല്‍ഹി: കാര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നിന്നതോടെ കേന്ദ്രസര്‍ക്കാര്‍ മുട്ട് മടക്കുന്നു.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററികാര്യ മന്ത്രിതല സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍നിന്ന് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുക എന്നതല്ലാത്ത മറ്റൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂര്‍ണമാക്കാനാണ് കര്‍ഷക സംഘടനകളുടെ ആലോചന. രാജ്യത്തെ ദേശീയപാതകള്‍ എല്ലാം ഉപരോധിക്കാനാണ് നീക്കം. ഇടതു പാര്‍ട്ടികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
ബന്ദിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു.