അമൃത്സര്‍: നരേന്ദ്രമോദി സര്‍ക്കാറിന്റെ കര്‍ഷക ബില്ലിനെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍. ഇവരെ ഡല്‍ഹിയിലേക്ക് കയറ്റില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഹരിയാന സര്‍ക്കാര്‍. ഇന്ന് പ്രതിഷേധക്കാര്‍ക്ക നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചു. തടസ്സങ്ങള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടക്കുകയാണ്.
പ്രതിഷേധങ്ങള്‍ക്കിടെ നവ്ദീപ് സിങ് എന്ന ബിരുദ വിദ്യാര്‍ത്ഥി നടത്തിയ ദൗത്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. പൊലീസ് ജലപീരങ്കിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരെ പമ്പ് ചെയ്ത വെള്ളം ഓഫാക്കിയാണ് നവ്ദീപ് ഹീറോ ആയി മാറിയത്. വാഹനത്തിന് മുകൡലേക്ക് ചാടിച്ചെന്ന് വെള്ളം ഓഫാക്കി തിരിച്ചിറങ്ങുകയായിരുന്നു. തന്നെ പിടിക്കാനെത്തിയ പൊലീസുകാരനില്‍ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥി ചാടി രക്ഷപ്പെട്ടത്. കുരുക്ഷേത്രയ്ക്ക് അടുത്തു വച്ചായിരുന്നു സംഭവം.
‘ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി’
നവ്ദീപ്
ഒരു ട്രാക്ടര്‍ ട്രോളിയില്‍ നിന്നാണ് ട്രക്കിനു പുറത്തേക്ക് കയറിയത്. പിന്നീട് ടാപ് ഓഫാക്കി. എന്നാല്‍ ഒരു പൊലീസുകാരന്‍ ട്രക്കിന് മുകളിലേക്ക് കയറിയിരുന്നു. എന്നാല്‍ ആ സമയം എന്റെ സഹോദരന്‍ അവന്റെ ട്രാക്ടര്‍ അടുത്തു കൊണ്ടു വന്ന് നിര്‍ത്തി. ഞാന്‍ അതിലേക്കു ചാടി- നവ്ദീപ് കൂട്ടിച്ചേര്‍ത്തു. പൊലീസുകാരോട് ദേഷ്യമില്ലെന്നും അവരും കര്‍ഷകരുടെ മക്കളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.