പട്‌ന: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ ഇന്ന് നടന്ന ഭാരത് ബന്ദില്‍ പങ്കാളികളായ കര്‍ഷക സമരക്കാരെ അടിച്ചോടിച്ച് ബിജെപി അനുകൂലികള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് പട്‌നയില്‍ ബിജെപിക്കാരായ ആളുകള്‍ മോദി മുദ്രാവാക്യങ്ങള്‍ വിളിച്ച് കര്‍ഷക സമര അടിച്ചോടിച്ചത്. കാര്‍ഷിക ബില്ലുകളെ എതിര്‍ത്ത് ജെഎപി നേതാവ് രാജേഷ് രഞ്ജന്‍ പട്‌നയില്‍ ട്രാക്ടര്‍ റാലി നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.
വെള്ളിയാഴ്ച പട്‌നയില്‍ ജെഎപിയുടെ നേതൃത്വത്തില്‍ എത്തിയ വാഹന ജാഥക്കാരെ തടഞ്ഞ് നീളന്‍ വടികളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പട്‌നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ഓഫീസ് മുന്നില്‍ വെച്ചാണ് റാലിക്കെതിരെ അക്രമമുണ്ടായത്. ‘നരേന്ദ്ര മോദി സിന്ദാബാദ്’, ‘ബിജെപി സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു അക്രമണം. വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ മുന്‍ എംഎല്‍എയെ വരെ അക്രമിച്ചതായി ജെഎപി നേതാവ് രാജേഷ് രഞ്ജന്‍ പറഞ്ഞു.
അതേസമയം, ആര്‍ജെഡിയുടെ പിന്തുണയില്‍ ജെഎപി അനുഭാവികള്‍ പട്‌നയിലെ ബിജെപി ഓഫീസ് ആക്രമിച്ചതായി ബിജെപി ആരോപിച്ചു.
എന്നാല്‍ ഇത് നിഷേധിച്ച ജെഎപി, ബിജെപിയുടെ അക്രമണത്തില്‍ തങ്ങളുടെ മുന്‍ എംഎല്‍എ രാം ചന്ദ്രയ്ക്കും യുവനേതാക്കളായ വിശാല്‍ കുമാറിനും മനീഷിനും പരിക്കേറ്റതായും അവരെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച പാര്‍ട്ടി മേധാവി രാജേഷ് രഞ്ജന്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
ബിജെപി അക്രമാസക്തമായ പാതയാണ് സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ ബിജെപിയെ ബിഹാറില്‍ അടക്കം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 28. നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പെന്ന് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.