ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 69ാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക നേതാക്കള്‍. ഉച്ചക്ക് 12 മണി മുതല്‍ മൂന്നുമണിവരെ സംസ്ഥാന ദേശീയ പാതകള്‍ തടയും. സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന് ചേരും.
അതേ സമയം അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിരോധിക്കാന്‍ റോഡുകളില്‍ കൂര്‍ത്ത കമ്പികള്‍ പാകി പൊലീസ്. നിരനിരയായി ബാരിക്കേഡുകള്‍ നിരത്തിയും എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയും റോഡില്‍ കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്പുകമ്പികള്‍ പാകിയുമാണ് പോലീസ് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
അതിര്‍ത്തികളില്‍ പോലീസ് അതീവ സുരക്ഷയൊരുക്കുന്ന ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇത്രയും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തികളാണോ ഇതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്.