ജലന്ധര്‍: കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭരംഗത്തുള്ള പഞ്ചാബിലെ കര്‍ഷകര്‍ കുത്തകകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മുന്നോട്ട്. പ്രധാനമായും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെയും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്റെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ആഹ്വാനം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗം കേന്ദ്ര കൃഷി മന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അലസിപ്പിരിയുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തമായി തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
കുത്തകകളെ ബഹിഷ്‌കരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ റിലയന്‍സിന്റെ ഇന്ധന പമ്പുകളില്‍ കനത്ത ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. ചിലത് അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ മറ്റു ചിലതില്‍ വില്‍പന പകുതിയിലും താഴെ മാത്രമാണ്. റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളാകെ കര്‍ഷകരുടെ ഉപരോധത്തിലാണ്.
ജിയോ സിം കാര്‍ഡുകളും റിലയന്‍സ് ഷോപ്പിങ് മാളുകളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുണ്ട്. പലയിടങ്ങളിലും ജിയോ സിം കാര്‍ഡുകള്‍ കൂട്ടത്തോടെ കത്തിക്കുകയാണ്. റിലയന്‍സിന്റെ പമ്പുകളില്‍ ഉപരോധക്കാര്‍ക്ക് പിന്തുണയുമായി ജീവനക്കാര്‍ തന്നെ പലയിടത്തും രംഗത്തുണ്ട്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത നിലയിലാണ് ഉപരോധം തുടരുന്നത്. 31 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് പഞ്ചാബില്‍ പ്രക്ഷോഭത്തിലുള്ളത്.