ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുള്ള കര്‍ഷകപ്രക്ഷോഭം വ്യാഴാഴ്ച അമ്പതുദിവസം പിന്നിട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നതു മരവിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കേ, സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ചര്‍ച്ച നടത്തും. ഇതിനിടെ, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്നും മറ്റും ഡല്‍ഹിക്കു തിരിച്ചു.
കര്‍ഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഫലപ്രദമായ ചര്‍ച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മാധ്യമങ്ങളോടു പറഞ്ഞു. കര്‍ഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷകനേതാക്കളും അറിയിച്ചു.
നിയമങ്ങള്‍ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി അവര്‍ ഉന്നയിക്കാനാണ് സാധ്യത. വിധിയുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ റദ്ദാക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങള്‍ പരിശോധിക്കാനുള്ള സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴുള്ളവ റദ്ദാക്കി പുതിയ നിയമങ്ങള്‍ രൂപവത്കരിക്കാനുള്ള സമിതിയോട് സഹകരിക്കാമെന്ന നിലപാടിലാണ് കര്‍ഷകര്‍.