X
    Categories: main stories

കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് അംബാനി; ജിയോ ടവറുകളുടെ വൈദ്യുതി വിച്ഛേദിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കോര്‍പറേറ്റുകള്‍ക്കെതിരെയും കര്‍ഷകരുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി പഞ്ചാബില്‍ കര്‍ഷകര്‍ ജിയോ ടവറുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പഞ്ചാബില്‍ ജിയോക്ക് 9000 ടവറുകളാണുള്ളത്. ചില ടവറുകളുടെ ഫൈബറുകള്‍ മുറിച്ചു മാറ്റുകയും ചെയ്തു.

24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്. ടെലികോം കമ്പനികള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന കര്‍ഷകര്‍ ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്.

വൈദ്യുതി വിച്ഛേദിച്ചതിന് പുറമെ ജിയോ നമ്പറുകള്‍ ഉപേക്ഷിക്കാനും പോര്‍ട്ട് ചെയ്യാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ ജിയോ പോര്‍ട്ട് ചെയ്തു പോവുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റിലയന്‍സ് അധികൃതര്‍ ആരോപിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന്റെ അവസരം മുതലാക്കി എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ കമ്പനികളുടെ തങ്ങളുടെ വരിക്കാരെ റാഞ്ചുകയാണെന്നാണ് റിലയന്‍സ് ആരോപിക്കുന്നത്. ഇതിനെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: