X
    Categories: Views

ബാങ്കു വായ്പാ വെട്ടിപ്പിനും സര്‍ക്കാറിന്റെ നിസ്സംഗതക്കുമെതിരെ കര്‍ഷക മാര്‍ച്ച്

കുറുക്കോളി മൊയ്തീന്‍

പാവപെട്ട ഒരു കര്‍ഷകന്‍ 50,000 രൂപ വായ്പയെടുത്തു തിരിച്ചെടക്കാനാവത്തതിനാല്‍ ജയിലിലടക്കപെട്ട ഒരു സംഭവം വയനാട് ജില്ലയില്‍ ഉണ്ടായി. ഒരു ഒറ്റപെട്ട സംഭവമല്ല, സമാനമായി സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. പാവങ്ങള്‍ക്ക് ബാങ്കുകള്‍ ഇപ്പോഴും ഒരു ബാലികേറാമലയാണ്. വായ്പ കിട്ടാന്‍ തന്നെ പ്രയാസം, കിട്ടിയാലോ അതിനേക്കാളും പ്രയാസം എന്നതാണ് അവസ്ഥ.

എന്നാല്‍ കുത്തകകള്‍ക്കും കള്ള പണക്കാര്‍ക്കും ശതകോടികള്‍ എഴുതി എടുക്കാന്‍ ഒരു തടസ്സവുമില്ല. നിയമങ്ങളും വ്യവസ്ഥകളുമൊന്നും അവര്‍ക്ക് ബാധകമല്ല. വായ്പ സ്വദേശത്തും വിദേശത്തും നല്‍കും. ബാങ്കുകള്‍ അവര്‍ക്ക് തീറെഴുതി കൊടുത്ത മട്ടിലാണ്. എന്തു തട്ടിപ്പും അനായാസേന നടത്താനാവും എന്ന സ്ഥിതിയാണ് കാണുന്നത്. ഇന്ത്യയുടെ ബാങ്കിങ്ങ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ശക്തമായ നിയമ വ്യവസ്ഥകളും കടുത്ത നിയന്ത്രണങ്ങളും വിലയ നിരീക്ഷണങ്ങളൊക്കെയുള്ള വളരെ കര്‍ക്കശമാണെന്ന് കരുതുന്ന വലിയ വ്യവസായമാണ് രാജ്യത്ത് ബാങ്കിങ്ങ് മേഖല. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ ബാങ്കുകളുടെ ബാങ്ക് എന്ന അപര നാമത്തിലാണല്ലോ അറിയപെടുന്നത്. ആര്‍.ബി.ഐയുടെ മികച്ച നിയന്ത്രണാധികാരം ഉണ്ടായിട്ടും ഏഴു വര്‍ഷമായി തട്ടിപ്പു കണ്ടെത്താനോ, തട്ടിപ്പു വീരന്‍ നാടു വിടുന്നത് തടയാനോ, ഒത്താശ ചെയ്തു കൊടുത്ത മേലധികാരികളെ നിരീക്ഷിക്കാനോ കഴിയാതെ പോയി. ഈ വെട്ടിപ്പിനെല്ലാം കുട്ടു നില്‍ക്കുന്ന നയമാണ് നമ്മുടെ സര്‍ക്കാറും അവലംബിക്കുന്നത്.

പൊതു മേഖലാ ബാങ്കുകളിലെ ഏറ്റവും വലിയ ഓഹരി പങ്കാളി സര്‍ക്കാര്‍ തന്നെയാണ്. എന്നിട്ടും സര്‍ക്കാറിന്റെ നയം ഒട്ടും ആശാവഹമല്ല. തട്ടിപ്പു നടത്തുന്നവരും അതിനും വേണ്ട വഴികളൊരുക്കുന്നവരുമൊക്കെ ശിക്ഷിക്കപ്പെടണമെന്നും തട്ടി എടുത്ത പണം ബാങ്കിനു തിരിച്ചു കിട്ടണമെന്നും എന്തോ?, നമ്മുടെ സര്‍ക്കാറിനു ഒരു നിര്‍ബന്ധവുമില്ല. എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായതില്‍ അത്ഭുതമില്ല.സര്‍ക്കാറിന്റെ നയങ്ങളും നടപ്പിലാക്കുന്ന നോട്ടു നിരോധനം, കിട്ടാകടം എഴുതി തള്ളല്‍, കുത്തുകകള്‍ക്ക് പലിശ രഹിത വായ്പ തുടങ്ങിയ നടപടികളും അവയെ സാധുകരിക്കുന്ന തരത്തിലുമാണ്.

രാജ്യത്ത് ദാരിദ്രം കൂടുതല്‍ കനപ്പെട്ടുവരികയാണ്. എന്നാല്‍ സമ്പന്നരുടെ വളര്‍ച്ച അത്ഭുതകരമായ തോതിലുമാണ്. ഇന്ത്യയിലെ അതി സമ്പന്നന്‍മാരായ ശതകോടിശ്വരന്‍മാരുടെ എണ്ണം 2017ല്‍ 101 ആയി ഉയര്‍ന്നു. പതിനേഴ് പേര്‍ കൂടി ഈ ഗണത്തിലേക്ക് കഴിഞ്ഞ വര്‍ഷം കയറി. രാജ്യത്തെ അതി സമ്പന്നന്‍മാരുടെ മൊത്ത വരുമാനം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 15% മായി ഉയര്‍ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രാജ്യത്തെ ബാങ്കുകളിലെ പണത്തിന്റെ സിംഹ ഭാഗവും കൈകാര്യം ചെയ്യുന്നത് ഈ വന്‍കിടക്കാരാണ്. 2017 ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് 2,53,729 കോടി രൂപ കിട്ടാ കടമായി കിടക്കുന്നു.അടുത്ത മാര്‍ച്ച് മാസത്തോടെ 9.5 ലക്ഷം കോടിയിലെത്തുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതു മൊത്തം വായ്പയുടെ തന്നെ പതിനൊന്നു ശതമാനത്തോളമായിരിക്കും. സമ്പന്ന വിഭാഗങ്ങള്‍ക്കും വലിയ ആശ്വാസ നടപടികളാണ് സര്‍ക്കാര്‍ ചെയ്തു കൊടുത്തു വരുന്നത്. വായ്പകള്‍ എഴുതി തള്ളിയും പലിശ രഹിത വായ്പ നല്‍കിയും ഇവരെ സര്‍ക്കാര്‍ സഹായിച്ച വരുന്ന ഇത്തരം നടപടികളിലൂടെയാണ് കുത്തകകള്‍ അടിമുടി വളര്‍ന്നു വരുന്നത്. 2016-17 വര്‍ഷത്തില്‍ മാത്രം 81,683 കോടി രൂപയാണ് എഴുതി തള്ളിയത്.

ഏറ്റവും കൂടുതല്‍ തുക എഴുതി തള്ളിയ പൊതു മേഖലാ ബാങ്ക് എസ്.ബി.ഐ ആണ്. 20,339 കോടി രൂപ മൊത്തം കഴിഞ്ഞ വര്‍ഷം എഴുതി തള്ളിയതിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ തുക. ബാങ്കുകളുടെ ലയനത്തിനു മുമ്പുള്ള കണക്കാണിതെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്ക്. എഴുതി തള്ളിയത് 9,205 കോടി. ഏറ്റവും കുറവ് സംഖ്യ എഴുതി തള്ളിയത് ഇന്ത്യ ബാങ്കാണ്, അതും 437 കോടി രൂപ വരുന്നു.

സര്‍ക്കാര്‍ വന്‍കിടക്കാരെ നിര്‍ലോഭം സഹായിച്ച കൊണ്ടിരിക്കുന്നതിനിടയിലാണ് വലിയ പകല്‍ കൊള്ള പുറത്തായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വജ്ര വ്യാപാരിയായ നീരവ് മോദി നടത്തിട്ടുള്ളത്. 11400 കോടി രൂപയുടെ തട്ടിപ്പ് ഏഴു ബാങ്കുകളടങ്ങിയ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് റോട്ടോമാക് ഗ്ലോബല്‍ ഉടമ വിക്രം കോഠാരി 3695 കോടിയും തട്ടിയിരിക്കുന്നു. പഞ്ചാബ് നാഷന്‍ ബാങ്കില്‍ നീരവ് മോദി ട്രുപ്പ് കമ്പനികള്‍ക്ക് കരന്റെ അക്കൗണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും വലിയ വായ്പ എടുക്കുന്നതിനുള്ള ജാമ്യത്തുക പോലും പ്രത്വേകമായ മറ്റു അര്‍ഹതകളൊന്നും തന്നെയില്ലെന്നും ബാങ്ക് തട്ടിപ്പിനെ കുറിച്ച് ഇറക്കിയ വിശദീകരണത്തില്‍ പറയുന്നു. മുപ്പതോളം ബാങ്കുകളില്‍ നിന്നും വായ്പ തട്ടി എടുത്തിട്ടുണ്ടെന്നാണ് സി.ബി.ഐ വിശദീകരണം.

തട്ടിപ്പു നടത്തിയത് പ്രതികളും ബാങ്കിലെ ഒരു ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിശദീകരണം. ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ നീരവ് മോദിയുടെ വിവിത കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നും വിദേശത്തും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകളുടെ ശാഖയില്‍ നിന്നും ഇത്രയും ഭീമമായ സംഖ്യ കൈമാറാന്‍ കഴിയുമോ? അതിനാവശ്യമുള്ള ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ്ങ് (ജാമ്യ പത്രങ്ങള്‍) ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ കിട്ടാവുന്ന അത്രയും ലളിതമാണോ? ജാമ്യ പത്രങ്ങളില്‍ ഒരാളു മാത്രം ഒപ്പു വെച്ചാല്‍ മതിയോ? ജാമ്യ പത്രം നല്‍കുന്നതിന് ബാങ്കിന്ന് ലഭിച്ച ജാമ്യ വസ്തുവെന്ത്? അതിന്റെ വാല്ല്യേഷന്‍ നടത്തിയത് ആര്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.

നോട്ടു നിരോധന ദിനത്തില്‍ 2016 നവംബര്‍ 8ന് നീരവ് മോദി 90 കോടിയുടെ കള്ളപ്പണം വെളിപ്പിക്കുകയുണ്ടായി. നീരവ് മോദിയുടെ ഉന്നതങ്ങളിലെ ബന്ധം വ്യക്തമാവാന്‍ മറ്റു തെളിവുകളെന്തിന്?. ജനുവരി ഒന്നിന് നീരവ് ഇന്ത്യ വിട്ട് പോയി. ജനുവരി 29ന് മാത്രമാണ് ബാങ്ക് പരാതി നല്‍കുന്നത.് പരാതി നല്‍കാന്‍ അദ്ദേഹം നാടു വിടുന്നത് വരെ കാത്തിരുന്നത് ആരെ ത്യപ്തിപ്പെടുത്താനായിരിക്കണം?.

ബാങ്ക് തട്ടിപ്പുകള്‍ നീരവ് മോദി തുടങ്ങിയത് 2011 മുതലാണ്. പലതവണ പല കമ്പനികള്‍ക്കായി പല ബാങ്കുകളില്‍ നിന്നായി. എന്നിട്ടും ഒന്നില്‍ പോലും തിരിച്ചടവ് വരാത്തതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായില്ല. മൂന്നു വര്‍ഷം മുമ്പ് തന്നെ നീരവിനെതിരെ പരാതി പ്രധാനമെന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെത്രെ. 2015 മെയില്‍ നീരവിന്റെ ഒരു പങ്കാളിയുടെ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിട്ടും ഗൗനിക്കുക പോലും ചെയ്തിട്ടില്ല. വേണ്ട നടപടികളുണ്ടായില്ലെങ്കില്‍ പ്രതികകള്‍ ഇന്ത്യ വിടാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ വൈഭവ് ഖുറാനി സുചിപ്പിച്ചിരുന്നുവെന്നാണ് വാര്‍ത്ത.

ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ചു ധനകാര്യ വര്‍ഷത്തിനിടക്ക് ആകെ രജിസ്ട്രര്‍ ചെയ്ത തട്ടിപ്പുകള്‍ 8670 എണ്ണമാണ്. ഇവകളില്‍ 61,260 കോടി രൂപയുടെ തട്ടിപ്പ്. 17,634 കോടിയുടെ തട്ടിപ്പ് ഒരറ്റ സാമ്പത്തിക വര്‍ഷത്തില്‍ തന്നെയുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം 1069 എണ്ണം തട്ടിപ്പുകള്‍ നടന്നുവെത്രെ. ഇപ്പോള്‍ കിട്ടാകടങ്ങളായി കിടക്കുന്ന 2,53,729 കോടി രൂപക്കു ശരിയായ ജാമ്യം ലഭിച്ചിട്ടുണ്ടോ,? എന്നുതിനുപോലും അന്വേഷണം വേണ്ടതല്ലെ?. എഴുതി തളളിയ ബഹു ലക്ഷ കോടികളുടേത് നല്ല വായ്പയായിരുന്നോ? നിയമ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടൊ എന്നത് ആര്‍ക്കറിയാം?. ഇവകളെ സംബന്ധിച്ചെല്ലാം വ്യാപകമായ അന്വേഷണങ്ങളാണ് ആവശ്യം. വായ്പ തട്ടിപ്പിനെ അതികരിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്, സര്‍ക്കാറിന്റെ നിസ്സങ്കതയില്‍ പ്രതിഷേധിച്ചും സ്വതന്ത്ര കര്‍ഷക സംഘം സമര രംഗത്ത് ഇറങ്ങുകയാണ്. ഇന്ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനു മുമ്പിലേക്കും മറ്റു ജില്ലകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കുകളിലേക്കും സ്വതന്ത്ര കര്‍ഷക സംഘം കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

chandrika: