ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് കര്‍ഷക സംഘടന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. 7 കര്‍ഷക സംഘടന നേതാക്കളായിരിക്കും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. പാര്‍ലമെന്റില്‍ വെച്ച് ഇന്ന് രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.
കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സ്വകാര്യ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് സംഘടന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പ്രതിഷേധം കനപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
മോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചിട്ടുണ്ട്. താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്നാണ് സംഘടന അറിയിക്കുന്നത്.
ഇതിന്റെ ഭാഗമായി ലോങ്മാര്‍ച്ചും കര്‍ഷക സംഘടനകള്‍ നടത്തും. എം.പിമാരോട് വിഷയമുന്നയിച്ച് സ്വകാര്യ ബില്ലുകള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തും. സെപ്റ്റംബര്‍ ഒന്നിന് സംഭാല്‍ ജില്ലയിലും 15ന് സിന്ധിലും കര്‍ഷക സംഘടനകളുടെ പ്രതിഷേധമുണ്ട്. സെപ്റ്റംബര്‍ 22ന് പിപ്പിലിയിലായിരിക്കും പ്രതിഷേധം.