ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക ക്ഷേമത്തിനു വേണ്ടിയാണ് എന്നും നിലവില്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും പ്രധാനമന്ത്രി അറിയിച്ചു.
കര്‍ഷക സമരം 20 ദിവസം പിന്നിടുന്ന വേളയിലാണ് മോദിയുടെ പ്രതികരണം. ഗുജറാത്തിലെ കച്ചില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍മാണോത്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ട ആവശ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ കാര്‍ഷിക നിയമത്തില്‍ ഉള്ളത്. വര്‍ഷങ്ങളായി പ്രതിപക്ഷം പോലും അവ ആവശ്യപ്പെട്ടിരുന്നു. അവരുടെ ഭരണകാലയളവില്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാത്ത പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാല്‍ വാങ്ങുന്ന ക്ഷീരസ്ഥാപനം നിങ്ങളുടെ പശുവിനെ കൊണ്ടു പോകാറുണ്ടോ എന്നും മോദി ചോദിച്ചു. ‘പുതിയ കാര്‍ഷിക നിയമം വന്ന ശേഷം അവരുടെ ഭൂമികള്‍ മറ്റുള്ളവര്‍ കൈയടക്കും എന്നാണ് പ്രതിപക്ഷം പറയുന്നത്. പറയൂ, ഒരു ക്ഷീര സ്ഥാപനത്തിന് നിങ്ങളില്‍ നിന്ന് പാല്‍ വാങ്ങാനുള്ള കരാര്‍ ഉണ്ട് എങ്കില്‍ അവര്‍ നിങ്ങളുടെ കന്നിനെ കൂടി കൊണ്ടു പോകാറുണ്ടോ?’ – മോദി ചോദിച്ചു.