ന്യൂഡല്‍ഹി: വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിയമം റദ്ദാക്കുംവരെ സമരം നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കര്‍ഷക നിയമങ്ങള്‍ മാത്രം മാറിയാല്‍ പോരാ. കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരമാണ് ആവശ്യം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും-സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ച ശേഷമായിരിക്കും സമരം നിര്‍ത്തുക. പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.