ജോസഫ് എം. പുതുശ്ശേരി
കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഇടുക്കിയില്‍നിന്നും വയനാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായത് ചാലക്കുടിയിലാണ്. കുഴൂര്‍ പാറാശ്ശേരി ജിജോ ആണ് പ്രളയത്തില്‍ കൃഷിയും വ്യാപാരവും നശിച്ചതിനെതുടര്‍ന്നുണ്ടായ കടക്കെണിയില്‍ ജീവനൊടുക്കിയത്. സ്വന്തം ജീവിതവും അധ്വാനവുമടക്കം സര്‍വസ്വവും സമര്‍പ്പിച്ചു മണ്ണിനെ വിശ്വസിച്ചു മുന്നോട്ടുപോകുമ്പോഴാണ് പ്രളയം എല്ലാം കവര്‍ന്നെടുത്തത്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകനെ കണ്ണീര്‍ക്കയത്തിലേക്കു തള്ളിയിട്ട അവസ്ഥാവിശേഷം. കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചു രക്ഷപെടാനുള്ള അവന്റെ തത്രപ്പാടിനിടയില്‍ തലയിലേക്കു കല്ലെടുത്തുവെച്ചാലോ? അതാണ് ബാങ്കുകള്‍ ചെയ്തത്. പിന്നെ മുങ്ങിത്താഴുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായി. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ നമ്മോടു പറയുന്നതിതാണ്.
പ്രളയം പിന്‍വാങ്ങിയപ്പോള്‍ കാര്‍ഷിക കടങ്ങള്‍ക്കു സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. അതാണ് മാര്‍ച്ച് 5നു ചേര്‍ന്ന മന്ത്രിസഭായോഗം ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതാര്‍ക്കാണു ബാധകം. തങ്ങള്‍ക്കു ബാധകമല്ലെന്നാണ് ബാങ്കു നടപടികള്‍ സാക്ഷ്യപ്പെടുത്തുന്നത്. 25000 കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതാണ് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകാന്‍ കാരണമായത്. ബാങ്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള ഈ അത്യുത്സാഹത്തെ കുറ്റം പറയരുതല്ലോ. ഇതു തങ്ങളുടെ കര്‍ത്തവ്യമാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പക്ഷേ, അവിടെയൊരു സംശയം ബാക്കിയാവുന്നു; വന്‍കിടക്കാരുടെകാര്യത്തില്‍ ഈ കര്‍ത്തവ്യബോധം എങ്ങനെയാണു അലിഞ്ഞലിഞ്ഞു ഇല്ലാതെയാവുന്നത്? 1,00,718 കോടി രൂപയാണ് 2013-18 കാലയളവില്‍ വിവിധ ബാങ്കുകളില്‍നിന്നു വന്‍കിടക്കാര്‍ തട്ടിച്ചുകൊണ്ടുപോയത്. വെറും 23000 കേസുകളിലായി. അവിടെയൊന്നും ഈ കര്‍ത്തവ്യബോധം ചിറകു വിടര്‍ത്തിയില്ല. ജപ്തി നോട്ടീസ് പോയിട്ട് ഒരു റി-മൈന്‍ഡര്‍ നോട്ടീസുപോലുമയച്ചില്ല. വിജയ് മല്യയും നീരവ് മോദിയും ചോക്‌സിയുമൊക്കെ നാടുവിട്ടു വിദേശങ്ങളില്‍ പോയി രാപ്പാര്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നതുവരെ.
അവിടെയാണ് വിളനാശം മൂലവും വിളയ്ക്കു ന്യായവില കിട്ടാതെയും പ്രതിസന്ധിയിലായ കര്‍ഷകന് ജപ്തിനോട്ടീസയച്ച് സമ്മര്‍ദ്ദത്തിലാക്കിയത്. പോരാത്തതിനു ബാങ്ക് അധികൃതര്‍ നിരന്തരമായി വിളിച്ചു ശല്യപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിജയാ ബാങ്ക് തിരുവല്ല ശാഖയില്‍നിന്നും വായ്പയെടുത്ത കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനം സ്വദേശിയുടെ ജപ്തി നടപടിക്കു വന്നപ്പോള്‍ നേരിട്ടിടപെട്ടതാണ്. മാനേജരേയും ഏരിയാ ഓഫീസിലെ ലീഗല്‍ ഓഫീസറേയും ഒക്കെ പല തവണ ഫോണില്‍ വിളിച്ചു. കുടിശിക തുക അടയ്ക്കാന്‍ ഒരു ദിവസം വൈകിയെന്നതാണു കാരണം. കുടിശിക അടച്ചതിനുശേഷം അക്കാര്യം ലീഗല്‍ ഓഫിസറെ ഫോണില്‍ വിളിച്ചു പറഞ്ഞിട്ടും ജപ്തി ചെയ്‌തേ അടങ്ങൂ എന്ന വാശിയിലായിരുന്നു അദ്ദേഹം. പിന്നെയെങ്ങനെ ആത്മഹത്യ ഒഴിവാകും? ആത്മഹത്യ പെരുകിയപ്പോഴാണ് സര്‍ക്കാരും ഉണര്‍ന്നത്. അപ്പോഴേക്ക് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.പ്രളയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നില്ലേ? കൃഷി നാശത്തിന്റെ കണക്കെടുപ്പുപോലും യഥാവിധി ഉണ്ടായില്ല. ആത്മഹത്യക്കു ശേഷമാണ് അതിനുള്ള അന്വേഷണം പോലും ഉണ്ടായതെന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളോട് പറയുന്നതു കണ്ടു. നഷ്ടം തിട്ടപ്പെടുത്താതെ എങ്ങനെ നഷ്ടപരിഹാരം? കര്‍ഷകന്റെ അവശേഷിക്കുന്ന പ്രതീക്ഷയും അസ്തമിക്കുന്നതില്‍ സര്‍ക്കാരും പ്രതിസ്ഥാനത്തു തന്നെയാണ്.
വീടു വെക്കാനും മകളെ കെട്ടിച്ചയക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെ വായ്പ എടുത്ത കര്‍ഷകന്‍ അത് തിരിച്ചടക്കേണ്ടതു കാര്‍ഷിക വരുമാനത്തില്‍നിന്നാണ്. അതില്ലാതെയാവുമ്പോള്‍ ഇത് കാര്‍ഷിക വായ്പയല്ലെന്നു സാങ്കേതികത്വം പറഞ്ഞു പീഡിപ്പിച്ചതുകൊണ്ടു എന്തു ഫലം? അതു കാണാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിനു ബാധ്യതയില്ലേ? അതിനിത്രയും കാലവും ഇത്രയും ജീവനും വില നല്‍കേണ്ടതുണ്ടോ? പതിറ്റാണ്ടുകളായി അവകാശത്തിലുള്ള കൈവശഭൂമിക്കു പട്ടയം ലഭിക്കാത്തതുകൊണ്ട് ബാങ്ക് വായ്പ തരപ്പെടാത്ത ദുരവസ്ഥയില്‍ തന്റേതല്ലാത്ത കുറ്റംകൊണ്ടു കര്‍ഷകര്‍ സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാവുന്നു. അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ആനുകൂല്യമില്ല. പിന്നെ എന്താണവന്റെ രക്ഷാമാര്‍ഗം? അവരേയും കടാശ്വാസ കമ്മീഷന്റെ പരിധിയില്‍പ്പെടുത്തണം. പ്രളയത്തിനു ശേഷമുണ്ടായ കാലാവസ്ഥാ വ്യതിയാനം സകല വിളകള്‍ക്കും രോഗ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കുരുമുളകിനു ദ്രുതവാട്ടവും കമുകിനും നേന്ത്രവാഴക്കും മഞ്ഞളിപ്പും വ്യാപകമാകുന്നു. കടുത്ത വെയിലില്‍ എല്ലാം കരിഞ്ഞുണങ്ങുന്നു, പ്രത്യേകിച്ചും നെല്‍ച്ചെടികള്‍. വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ മിക്കപ്പോഴും നോക്കുകുത്തിയാവുന്നു. തടസ്സവാദങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കാനാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ശ്രമിക്കുക. അവര്‍ക്കുള്ള വരുമാന സ്രോതസായി മാത്രം ഇത് മാറുന്നു.
ഇതിനുപുറമേയാണ് വിലത്തകര്‍ച്ച. കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞെന്നു മാത്രമല്ല, രോഗ ബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനവും കുത്തനേ കുറഞ്ഞു. എന്നിട്ടും വിലയിടിവ്. കഴിഞ്ഞ വര്‍ഷം 700 രൂപ വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 320 രൂപയായി വില കൂപ്പുകുത്തി. കാപ്പിയുടെ വില ഏഴു വര്‍ഷമായി കുറഞ്ഞു വരികയാണ്. മറ്റുത്പന്നങ്ങളുടെ സ്ഥിതിയും മറിച്ചല്ല. കന്നുകാലി വളര്‍ത്തലുള്‍പ്പെടെയുള്ള ജീവനോപാധികള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ പട്ടിണിയിലും കടക്കെണിയിലും പെട്ടുഴലുകയാണ്. ബാങ്ക് വായ്പ എടുത്തുവാങ്ങിയ രണ്ടു പശുക്കള്‍ ചത്തതിനു പുറമേ മറ്റൊരു പശുവിനു രോഗം വരുകയും ചെയ്തില്‍ മനംനൊന്തു കര്‍ഷകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കോട്ടയത്തുനിന്നുവന്നത്.
ഇതിനും പുറമേയാണ് കടവും കഠിനാധ്വാനവും കൊണ്ടു മണ്ണില്‍ വിളയിക്കുന്നതെല്ലാം കാട്ടാനയും കുരങ്ങും കാട്ടുപന്നിയും എല്ലാം ഇറങ്ങി അവരുടെ വിഹാരഭൂമി ആക്കുന്നതോടെ ഞൊടിയിടകൊണ്ടു നാമാവശേഷമാവുന്നത്. ഇപ്പോള്‍ കനത്ത ചൂടില്‍ കാട്ടുതീയും സംഹാരമൂര്‍ത്തിയായി എത്തുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു. ഇതില്‍ നിന്നൊക്കെയുള്ള സംരക്ഷണത്തിനോ നഷ്ടപരിഹാരത്തിനോ അവന്‍ അര്‍ഹനല്ലെന്നുകൂടി വന്നാലോ? ചുമതലപ്പെട്ടവര്‍ കണ്ടോ കേട്ടോ അറിഞ്ഞില്ലെന്നുകൂടി മൊഴിയുകയും സ്വയം പ്രതിരോധത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുമ്പോള്‍ കര്‍ഷകന്റെ അസ്തിത്വംതന്നെ അസ്ഥാനത്താവുകയാണ്. എന്നിട്ടും ഇടുക്കി ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. ഇതു കര്‍ഷകന്റെ ഹൃദയവിലാപത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മുറിവില്‍ മുളകു തേയ്ക്കുന്ന ക്രൂരമായ നടപടി. ഏതൊരു ലോങ്ങ് മാര്‍ച്ചിനെക്കാളും ആഴത്തില്‍ സ്പര്‍ശിക്കേണ്ട, കുത്തിനോവിക്കുന്ന ഓര്‍മ്മകളാവണം ഈ കര്‍ഷക ആത്മഹത്യകള്‍. എന്നിട്ടും എന്തേ ഇങ്ങനെ. ഇതു കാണാനും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു കരയറ്റാനും നടപടി ഉണ്ടാവണം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന ആവശ്യം ഉയരുന്നതിവിടെയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ അത് നടപ്പിലാക്കി കഴിഞ്ഞു. 65 കോടി ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് അവരെ അനാഥരാക്കി അവഗണിച്ചിട്ടു എന്തു പുരോഗതിയാണ് ആര്‍ജ്ജിക്കാന്‍ കഴിയുക? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതു കണ്ണു തുറന്നു കാണണം. കൃഷി നാശവും വിലയിടിവും കാരണം എല്ലാ പ്രതീക്ഷകളും നശിച്ചു നാളെയെക്കുറിച്ചു ചിന്തിക്കാനാവാതെ നെഞ്ചുപൊട്ടി വിലപിക്കുന്ന കര്‍ഷകന്റെ രോദനം സര്‍ക്കാര്‍ കേള്‍ക്കാതെ പോകരുത്; കാണാതിരിക്കയുമരുത്. അങ്ങനെ വന്നാല്‍ അതു ഉഗ്രശാപമായി നിപതിക്കും.
മറവി മനുഷ്യനു അനുഗ്രഹമാണെങ്കിലും ഇത്തരം ഘട്ടത്തില്‍ പഴയ വാഗ്ദാനങ്ങള്‍ ഓര്‍ക്കാതെ വയ്യ. ഉത്പാദനച്ചിലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവിലയും സംഭരണവും ഉറപ്പാക്കുമെന്നും കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം ലാഭം ഉറപ്പാക്കുമെന്നും പറഞ്ഞതു ഇപ്പോഴത്തെ ഭരണാധികാരികളാണ്. കര്‍ഷകരെ കടരഹിതരാക്കുമെന്നാണ് 2014 ലെ പ്രകടന പത്രിക വാഗ്ദാനം ചെയ്തത്. ഇത്രയുമായാല്‍ പ്രശ്‌ന പരിഹാരമായി. പക്ഷേ, കര്‍ഷകന് ഇതൊക്കെ സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്. വാക്കു പാലിക്കാന്‍ ഭരണാധികാരികള്‍ക്കാവണം. അതു വാക്കിന്റെ വിലക്കുവേണ്ടി മാത്രമല്ല, അടിസ്ഥാന വര്‍ഗത്തിന്റെ നിലനില്‍പ്പിനുകൂടിയാണ്. അല്ലെങ്കിലുണ്ടാവുന്ന തകര്‍ച്ച എല്ലാവരേയും കെട്ടിവരിയുന്നതാവും. പിന്നീട് ഉയര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമാവുകയും ചെയ്യും.