X

കാപ്പി വില സര്‍വ്വകാല റെക്കോഡിലേക്ക്; പ്രതീക്ഷയോടെ കര്‍ഷകര്‍

കര്‍ഷകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കാപ്പിവില. ചരിത്രത്തില്‍ ആദ്യമായി കാപ്പി പരിപ്പ് ക്വിന്റലിന് 20,000 രൂപയിലെത്തി. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോള്‍ കാപ്പി വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്.

പ്രധാന കാപ്പി ഉല്‍പാദന രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതും ആവശ്യക്കാര്‍ മോഹ വില നല്‍കുന്നതുമാണ് വില ഉയരാനുള്ള കാരണം. അതോടൊപ്പം അറബിക്ക കാപ്പി അവധി വില 4 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലുമെത്തി. ജനുവരി ആദ്യം വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ 16,000 രൂപയായിരുന്നു പരിപ്പ് ക്വിന്റലിന്. ഒന്നര മാസത്തിനിടെ പരിപ്പ് കിലോക്ക് 40 രൂപയുടെ വില വര്‍ധനവാണുണ്ടായത്. ഇതിന് മുന്‍പ് 2013 ഡിസംബറിലാണ് കാപ്പിക്ക് ഉയര്‍ന്ന വില ലഭിച്ചത്. അന്ന് പരിപ്പ് ക്വിന്റലിന് 15,600 രൂപയിലെത്തിയിരുന്നു. പിന്നീട് പടിപടിയായി വില കുറഞ്ഞു. 2020 ജനുവരിയില്‍ 11,700 രൂപ വരെ എത്തി. 2 വര്‍ഷമായി വയനാട്ടിലും കര്‍ണാടകയിലും ഉല്‍പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേര്‍ പകുതിയായി കുറഞ്ഞിരുന്നു. വയനാട് ജില്ലയില്‍ 4050 ശതമാനം വരെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പാദനം കുറഞ്ഞതായാണ് കണക്കുകള്‍.

രാജ്യാന്തര വിപണികളില്‍ വന്‍ ഓര്‍ഡറുകള്‍ക്ക് സാഹചര്യം ഒരുങ്ങിയ ഘട്ടത്തില്‍ ഉത്പാദനം കുറയുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന കര്‍ണാടകയിലും ഈ വര്‍ഷം ഉല്‍പാദനം കുറവാണ്. അതേസമയം വില കൂടിയെങ്കിലും ഉല്‍പാദനം കുറഞ്ഞത് കാപ്പി കയറ്റുമതി മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക നേട്ടം ലഭിക്കാനുള്ള സാധ്യത കുറക്കുകയാണ്. രാജ്യാന്തര കാപ്പി വിപണിയില്‍ വന്‍കിടക്കാരുമായാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മത്സരിക്കാനുള്ളത്. ആഗോള ഉത്പാദനത്തില്‍ മുന്നേറുന്ന ഇന്ത്യ കാപ്പി കയറ്റുമതിയില്‍ അഞ്ചാം സ്ഥാനം കൈപ്പിടിയിലൊതുക്കി. പോയ വര്‍ഷം 4 ലക്ഷം ടണ്ണിന് മുകളിലായിരുന്നു കാപ്പി കയറ്റുമതി.

webdesk11: