ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണ്ഡലത്തില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി. മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍. കര്‍ഷക രോഷം ഏറ്റവും അധികം ഏല്‍ക്കേണ്ടി വന്ന ഭരണമായിരുന്നു മോദിയുടേത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വലിയ തരത്തിലുള്ള കര്‍ഷക പ്രക്ഷോഭങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷക കൂട്ടം മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ വേണ്ടി നോമിനേഷന്‍ നല്‍കാന്‍
തയ്യാറായിരിക്കുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷക നേതാവ് പി.അയ്യാക്കണ്ണന്റെ നേതൃത്വത്തിലാണ് 111 പേര്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.
ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി തരാത്ത പക്ഷം മോദിക്കെതിരെ മത്സരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങള്‍. എന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ സഫലീകരിക്കപ്പെടുന്നോ അന്ന് മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവും-അയ്യാക്കണ്ണ് പറഞ്ഞു. 2017 ല്‍ ഡല്‍ഹിയില്‍ ഇവര്‍ നടത്തിയ പ്രക്ഷോഭത്തെയും അദ്ദേഹത്തെയും ഓര്‍മിപ്പിച്ചു.
മോദിക്കെതിരായി വരാണസിയില്‍ മത്സരിക്കുന്നതിന് രാജ്യത്തെ കര്‍ഷകരുടെയും അഖിലേന്ത്യാ കിസാന്‍ സങ്കര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പിന്തുണയുണ്ടെന്നും അയ്യാക്കണ്ണ് അവകാശപ്പെട്ടു.
അധികാരത്തില്‍ എത്തിയാല്‍ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിച്ചു തരാം എന്നു അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. അഞ്ചു കൊല്ലമാവുന്നു ഈ ഭരണത്തിന്. ഇപ്പോഴും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രി. ഞങ്ങളുടെ ആവശ്യങ്ങള്‍ ഇതു വരെ പരിഹരിക്കപ്പെട്ടില്ല. അതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം-അയ്യാക്കണ്ണന്‍ പറഞ്ഞു.
കര്‍ഷക വിളകള്‍ക്ക് ന്യായ വില, നാഷണലൈസ്ഡ്, കോ-ഓപ്പറേറ്റീവ് ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിക്കാന്‍ എളുപ്പമാര്‍ഗം, 60 വയസ്സായവര്‍ക്ക് 5000 രൂപ പെന്‍ഷന്‍ തുടങ്ങി പല വാഗ്ദാനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് പാലിച്ചിട്ടില്ല.