അബു ഗൂഡലായ്
കര്‍ഷക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. 1990 ഫെബ്രുവരി 12ന് കേരള നിയമസഭ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലിന് അനുമതി നല്‍കി. കര്‍ഷക തൊഴിലാളികളില്‍നിന്നും അംശാദായം സ്വീകരിച്ചുകൊണ്ടാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ പ്രതിമാസം രണ്ടു രൂപയായിരുന്നു അംശാദായം അടക്കേ ണ്ടിയിരുന്നത്. ഇപ്പോഴത് 20 രൂപയില്‍ എത്തിനില്‍ക്കുന്നു. അംശാദായം വര്‍ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്‍ യാതൊരു വര്‍ധനവും വന്നിട്ടില്ല.
കര്‍ഷക തൊഴിലാളികള്‍ക്കായി പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് 1974 ലെ കേരള കര്‍ഷക തൊഴിലാളി ആക്ടില്‍ വ്യവസ്ഥ ചെയ്തിരുന്നു. 1979 ഓഗസ്റ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് പ്രാബല്യത്തില്‍ കൊണ്ടുവന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണ് ചെയ്തത്. കര്‍ഷക തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷേമനിധി ബോര്‍ഡും സര്‍ക്കാറും നിയമനിര്‍മാണം നടത്തണമെന്നാണ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) ആവശ്യപ്പെടാനുള്ളത്. അതിവര്‍ഷാനുകൂല്യം കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍നിന്നും അനുവദിക്കുന്നു ണ്ടെങ്കിലും സര്‍ക്കാര്‍ വിഹിതം 625 രൂപ യാണ് ഉള്ളത്.
സര്‍ക്കാര്‍ വിഹിതം 1000 രൂപയായി വര്‍ധിപ്പിക്കണം. കര്‍ഷക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണം. വൈദ്യസഹായത്തിന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 4000 രൂപയാണ് നല്‍കുന്നത്. അത് 5000 രൂപയായി ഉയര്‍ത്തി എല്ലാ വര്‍ഷവും നല്‍കാന്‍ ബോര്‍ഡ് തയ്യാറാവണം. വിവാഹധനസഹായത്തിന് നിലവില്‍ 5000 രൂപയാണ് അനുവദിക്കുന്നത്. ഈ തുക തീരെ അപര്യാപ്തമാണ്. അതിനാല്‍ വിവാഹ ധനസഹായം 25000 രൂപയായി വര്‍ധിപ്പിക്കണം. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. അത് ആണ്‍കുട്ടികള്‍ക്കും തൊഴിലാളികളുടെ സഹോദരിക്കും അനുവദിക്കണം.
വിദ്യാഭ്യാസ നുകൂല്യവും കാലോചിതമായി പരിഷ്‌കരിക്കാന്‍ ബോര്‍ഡ് തയ്യാറാവണം. പ്രസവാനുകൂല്യമാണ് ഏറെ വിചിത്ര മായിട്ടുള്ളത്. 15000 രൂപയാണ് നല്‍കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ 14000 രൂപയും സംസ്ഥാനസര്‍ക്കാര്‍ വിഹിതം 1000 രൂപയും കൂട്ടിയാണ് 15000 രൂപ നല്‍കിവരുന്നത്. പ്രസവാനുകൂല്യം 15000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന പ്രചാരണമാണ് നടത്തുന്നത്. പ്രസവ ചെലവും ചികില്‍സാചെലവും ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വിഹിതം 10000 രൂപയായി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമനിധി ബോര്‍ഡിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഭൂമി രജിസ്‌ട്രേഷന്‍ ഫീസില്‍ 10 ശതമാനമെങ്കിലും ബോര്‍ഡിന് കിട്ടുംവിധത്തില്‍ ഭൂമി രജിസ്‌ട്രേഷന്‍ ആക്ടില്‍ ഭേദഗതി കൊണ്ട്‌വന്ന് കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കണം.
വീട് പണിയാന്‍ മുന്‍കൂര്‍ തുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും സഹായം നല്‍കാന്‍ ബോര്‍ഡിന് കഴിയണം. മരണാനന്തര ചെലവിന് 5000 രൂപ എന്നത് 10000 രൂപയായി ഉയര്‍ത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടനികുതി, ലൈസന്‍സ് ഫീസ് തൊഴില്‍നികുതി എന്നിവ പിരിച്ചെടുക്കുന്നുണ്ട്. കെട്ടിട നികുതി യോടൊപ്പം ലൈബ്രറി സെസും ഇവര്‍ പിരിവ് നടത്തുന്നുണ്ട്. കെട്ടിട നികുതിയും മറ്റു പിരിവുകളും നടത്തുന്നതില്‍ 5 ശതമാനം സെസ് പിരിച്ച് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം.
കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു. തൊഴിലാളിയാണെന്ന രേഖ ഭൂവുടമയില്‍ നിന്നും വാങ്ങണമെന്ന് ചില ജില്ലാ ക്ഷേമനിധി ആഫീസുകള്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇതും ഒഴിവാക്കാനുള്ള നിര്‍ദേശം എല്ലാ ജില്ലാ തല ആഫീസുകള്‍ക്കും നല്‍കണം.
60 വയസ് പൂര്‍ത്തിയാക്കി അധിവര്‍ഷാനുകൂല്യത്തിനുള്ള അപേക്ഷ നല്‍കി തൊഴിലാളി പിരിഞ്ഞതിന് ശേഷം കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. പെന്‍ഷന്‍ ലഭിക്കുന്നതിന് ചുവപ്പ് നാടയുടെ നടുവില്‍ കിടന്ന് തൊഴിലാളി നട്ടം തിരിയുകയാണ്. തൊഴിലാളി സര്‍വീസില്‍നിന്നും വിരമിച്ചാലുടനെ പല ക്ഷേമനിധി ബോര്‍ഡുകളും അവര്‍ക്ക് നേരിട്ട് പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. കര്‍ഷക തൊഴിലാളി കള്‍ക്കും ക്ഷേമനിധി ബോര്‍ഡ് നേരിട്ട് പെന്‍ഷന്‍ നല്‍കണം. കര്‍ഷക തൊഴിലാളിക്ക് ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ 1600. രൂപയാണ്. ഇത് ഒരു നേരത്തെ മരുന്നിന് പോലും പലര്‍ക്കും തികയില്ല.
മിനിമം 10000 രൂപയെങ്കിലു പ്രതിമാസം ലഭ്യമാക്കണം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് വര്‍ഷങ്ങളുടെ കാത്തിരിപ്പാണുള്ളത്. ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ ക്ഷേമത്തിനും യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അതിലെ ജീവനക്കാര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും മുറതെറ്റാതെ വേതനവും ഹോണറേറിയവും മറ്റു ആനുകൂല്യങ്ങളും നല്‍കാനാണ് താല്‍പര്യം കാണിക്കുന്നത്. തൊഴിലാളികള്‍ ഒടുക്കുന്ന അംശാദായത്തില്‍നിന്നുമാണ് ഇവര്‍ക്കെല്ലാം പ്രതിമാസം ശമ്പളവും മറ്റും നല്‍കുന്നത്. ആനുകൂല്യങ്ങള്‍ക്കുള്ള തൊഴിലാളികളുടെ അപേക്ഷകള്‍ ഫയലില്‍ വിശ്രമിക്കാന്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊടിതട്ടിയെടുത്ത് ഭാഗികമായി ആനുകൂല്യങ്ങള്‍ വിതരണംചെയ്യാന്‍ തയ്യാറാവുന്നത്.
2020 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 1587620 പേരാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഒരു കര്‍ഷക തൊഴിലാളി പ്രതിമാസം 20 രൂപ യാണ് അംശാദായം അടക്കുന്നത്. ഈ ഇനത്തില്‍ തന്നെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ക്ഷേമനിധി ബോര്‍ഡിന് ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. എന്നാല്‍ 14 ജില്ലാ ആഫീസുകളിലേയും ഒരു ചീഫ് എക്‌സിക്യൂട്ടിവ് ആഫീസിലേയും ജീവനക്കാര്‍ക്ക് പ്രതിമാസം വേതനം ഇനത്തില്‍ 34 ലക്ഷത്തിലധികം രൂപ തൊഴിലാളികളുടെ അംശാദായത്തില്‍ നിന്നുമാണ് നല്‍കുന്നത്.
ക്ഷേമനിധി ബോര്‍ഡിന്റെ ദൈനംദിന ചെലവിനും ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുള്ള ശബളവും ഹോണറേറിയവും നല്‍കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ഫണ്ടോ ഗ്രാന്റോ നല്‍കാന്‍ ബജറ്റില്‍ തുക മാറ്റിവെക്കണമെന്നാണ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) മുന്നോട്ടുവെക്കാനുള്ള നിര്‍ദേശം. 2020ലെ കണക്ക്പ്രകാരം 14 ജില്ലകളിലും ഒരു ചീഫ് ആഫീസിലുമായി 127 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് നല്‍കാനാണ് പ്രതിമാസം 34 ലക്ഷത്തിലധികം രൂപ അംശാദായത്തില്‍നിന്നും വിനിയോഗിക്കുന്നത്. ഇത്രയും ജീവനക്കാര്‍ ഉണ്ടായിട്ടും കമ്പ്യൂട്ടര്‍വത്കരണം നടന്നിട്ടും തൊഴിലാളികള്‍ക്ക് പരാതികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സംവിധാനമെല്ലാം ചെയ്തിട്ടും ഒരാനുകൂല്യത്തിന് ചെന്നാല്‍ ആധാര്‍ കാര്‍ഡും പാസ്ബുക്കിന്റെ കോപ്പിയും ഇപ്പോഴും ആവശ്യപ്പെടുന്നു.
ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതോടെ തൊഴിലാളികളുടെ മുഴുവന്‍ ബയോഡാറ്റയും എന്‍ട്രി നടത്തുന്നതിന് ജീവനക്കാര്‍ അമാന്തിക്കുന്നു. കമ്പ്യൂട്ടര്‍വത്കരണം കുറ്റമറ്റതാക്കണം. അംശാദായം അടക്കുന്ന എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ രശീതി നല്‍കണം. കമ്പ്യൂട്ടര്‍ രശീതിയില്‍ ഏത് സംഘടനയില്‍ ഉള്‍പ്പെട്ട തൊഴിലാളിയാണെന്നുകൂടി രേഖപ്പെടുത്തിയാല്‍ നല്ലതാണ്. ഓരോ സംഘടനക്കും അംശാദായം അടക്കുന്നവരുടെ എണ്ണം കിട്ടാന്‍ പ്രയാസം ഉണ്ടാവില്ല. ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്‍നിന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരും.
(കര്‍ഷക തൊഴിലാളി ഫെഡറേഷന്-എസ്.ടി.യു-സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)