കുറുക്കോളി മൊയ്തീന്‍
കാര്‍ഷിക പ്രധാനമായ രാജ്യമാണ് ഇന്ത്യ. അറുപത്തി അഞ്ച് ശതമാനം ജനങ്ങളും ഇന്നും കൃഷിയുമായി ബന്ധപ്പെട്ടുകഴിയുന്നു. രാജ്യത്തെ 131 കോടി ജനങ്ങളുടെ ഭക്ഷ്യ പ്രശ്‌നം എല്ലാവരും കൂടിയാണ് പരിഹരിക്കുന്നത്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷണം അനിവാര്യം തന്നെയാണ്. ഭക്ഷ്യ സരുക്ഷാ നിയമം പാസാക്കിയ അപൂര്‍വ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ മുഴുവന്‍ മനുഷ്യര്‍ക്കും നിത്യവും ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ ഒരുക്കിവെക്കണം. അതിന് രാജ്യത്ത് കൃഷി നടക്കണം.
കൃഷി കര്‍ഷകന്റെ സ്വകാര്യ വിഷയമല്ല, അത് രാജ്യത്തിന്റെ തന്നെ പൊതുവായതും നിര്‍ബന്ധിതവുമായ ആവശ്യമാണ്. രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരുമുണ്ട്. അവരേക്കാള്‍ പ്രധാനമാണ് രാജ്യത്തെ കര്‍ഷകര്‍, അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്കും വിശപ്പടക്കണം. രാജ്യത്തിന്റെ വിശപ്പ് തീര്‍ക്കുന്നതിന് മാര്‍ഗങ്ങള്‍ ഒരുക്കുന്നത് കര്‍ഷകരാണ്. അതിനുള്ള സംരക്ഷണവും വ്യവസ്ഥകളും ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ‘ജയ് കിസാന്‍ ജയ് ജവാന്‍’ എന്ന മുദ്രാവാക്യം രാജ്യത്തുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ഉള്ളംനിറഞ്ഞു സന്തോഷിപ്പിച്ച മുദ്രാവാക്യമായിരുന്നു അത്. എന്നാല്‍ അതും ചെറിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നതൊഴിച്ചാല്‍ വലിയ മാറ്റങ്ങളൊന്നും ഉളവായില്ല.
ഭരണകൂടങ്ങള്‍ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും വലിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നു എന്നല്ലാതെ നേട്ടങ്ങള്‍ അധിക പക്ഷവും കര്‍ഷകന്റെ കൈകളിലെത്താറില്ല. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ കര്‍ഷകരെ ഏറ്റവും കൂടുതല്‍ അവഗണിച്ച സര്‍ക്കാറാണ് ഇന്ന് നാടു വാഴുന്നത്. കര്‍ഷകരെ ഏറ്റവും കൂടൂതല്‍ വഞ്ചിച്ച ഭരണമാണ് കേരളത്തിലുമുള്ളത്. ഈ രണ്ട് ഭരണ കൂടങ്ങളുടെ ചെയ്തികളും ഒന്നിച്ച് അനുഭവിക്കേണ്ടി വന്നിരിക്കയാണ് കേരളത്തിലെ കര്‍ഷകര്‍. രാജ്യത്ത് വേറിട്ട കഷ്ട നഷ്ടങ്ങള്‍ പേറിയാണ് കേരളത്തിലെ കര്‍ഷകര്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്. കൂനിന്‍മേല്‍ കുരു എന്ന് പറഞ്ഞതുപോലെ അതിനിടയിലേക്കാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയവും അനുബന്ധ ദുരന്തങ്ങളും പെയ്തിറങ്ങിയത്.
ദുരന്തമുഖത്തുപോലും കര്‍ഷകരെ സഹായിക്കാന്‍ തയ്യാറില്ലാത്ത സര്‍ക്കാറിന്റെ എല്ലാ നാട്യങ്ങളും വെറും കാപട്യമായിട്ടേ കാണാനാവൂ. പ്രളയ ദുരന്തത്തില്‍ സംസ്ഥാനത്തെ കൃഷി പാടെ നശിച്ചുവെന്നതു മാത്രമല്ല കൃഷി ഭൂമി തന്നെ നഷ്ടമായിരിക്കുന്നുവെന്നതാണ് വസ്തുത. വയലുകളിലും മറ്റും ചരലും മണലും വന്നടിഞ്ഞ് കൃഷിക്ക് ബുദ്ധിമുട്ടനുഭവിക്കുകയാണ്. അവ എങ്ങിനെയാണ് തിരിച്ചു കൊണ്ടുവരിക എന്നറിയാതെ ഉഴലുകയാണ് കര്‍ഷകര്‍. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നു പോലുമില്ല. 56439 ഹെക്ടറിലെ കൃഷി നശിച്ചതായും 11600 വളര്‍ത്തുമൃഗങ്ങളും 125000 താറാവും കോഴികളും ചത്തു എന്നുമാണ് സര്‍ക്കാറിന്റെ കണക്ക്. കണക്കിനുപോലും ഏകോപനം ഉണ്ടാക്കാനായിട്ടില്ല. കാര്‍ഷിക സര്‍വകലാശാലയുടെ കണക്ക് വ്യത്യസ്തമാണ്. കേന്ദ്ര സംഘത്തിന്റേതും ലോക ബാങ്കിന്റേതും മറ്റൊന്ന്, അങ്ങിനെ പോവുന്നു കണക്കിന്റെ കളി.
യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം നല്‍കി കൈ പിടിച്ചുയുര്‍ത്തേണ്ട വിഷയത്തില്‍ എത്ര ലാഘവത്തോടയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ആദ്യ സഹായം പ്രഖ്യാപിച്ച് കൂറേ പേര്‍ക്കെങ്കിലും 10,000 രൂപ വീതം നല്‍കുകയുണ്ടായി. ആ കൂട്ടത്തില്‍പോലും കര്‍ഷകരെ പരിഗണിച്ചിട്ടില്ല എന്നത് വേദനാജനകമാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കയ്യൊഴിഞ്ഞിരിക്കയാണെന്ന് അറിഞ്ഞിട്ടുപോലും ഇടതു സര്‍ക്കാര്‍ കാണിക്കുന്ന സമീപനം വളരെ കഷ്ടമാണ്. ധൂര്‍ത്തും കൂത്തുമായി കഴിയുന്ന സര്‍ക്കാറിന് കര്‍ഷകന്റെ വേദന അറിയില്ല. അനിവാര്യമായ ഘട്ടത്തില്‍പോലും സര്‍ക്കാര്‍ സഹായിക്കാന്‍ സന്നദ്ധമായില്ലെന്നു മാത്രമല്ല, കര്‍ഷകര്‍ക്ക് ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം പോലും കൊടുത്ത്തീര്‍ക്കാന്‍ മനസ്സുകാണിച്ചിട്ടില്ലന്ന് കാണുമ്പോഴാണ് വാഴുന്നോരുടെ മനസ്സിന്റെ കഠോരത പ്രകടമാവുന്നത്. ഒരു വാഴ നശിച്ചതിന് 100 രൂപയാണ് നഷ്ടപരിഹാരം. 96.50 രൂപ സംസ്ഥാനത്തിന്റേതും 3.50 രൂപ കേന്ദ്രത്തിന്റേതും. ഇതില്‍ പലര്‍ക്കും കേന്ദ്ര വിഹിതം കിട്ടി സംസ്ഥാന വിഹിതം ലഭിച്ചിട്ടില്ല. ഒരു ഹെക്ടറിലെ നെല്‍കൃഷി നശിച്ചാല്‍ 13500 രൂപയാണ് നഷ്ടപരിഹാരം, അത്രയും കൃഷിക്ക് വേണ്ടിവരുന്ന ഉല്‍പാദന ചിലവ് 156200 രൂപയാണ്. നഷ്ട പരിഹാരം പത്തു ശതമാനം പോലുമില്ല. ഇത്രയും ദയനീയമായ ഒരവസ്ഥ മറ്റേത് വിഭാഗത്തിനാണ് ഉണ്ടാവുക.
കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. 2017ല്‍ പ്രസിദ്ധീകരിച്ച ധനകാര്യ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ഒരു കര്‍ഷകന്റെ ശരാശരി മാസ വരുമാനം 1666 രൂപയാണെന്നാണ്. ഒരു വര്‍ഷത്തില്‍ 20,000 രൂപ പോലും തികയുന്നില്ല. 2018ലെ റിപ്പോര്‍ട്ട് വന്നപ്പോള്‍ കര്‍ഷകന്റെ ശരാശരി വരുമാനം വീണ്ടും കുറഞ്ഞതായാണ് കാണുന്നത്. വരുമാനം ഇരട്ടിപ്പിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്പാദന ചെലവ് കുറച്ചുകാണിക്കുന്ന കുതന്ത്രമാണ് കാണിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളുടെ തറവില വര്‍ധിച്ചപ്പോള്‍ നെല്ലിന്റെ ഉത്പാദന ചെലവ് പോലും സര്‍ക്കാര്‍ കണ്ടത് ഒരു കിലോ ഉല്‍പാദിപ്പിക്കാന്‍ വെറും പതിനൊന്ന് രൂപയെന്നാണ്. പതിനൊന്ന് രൂപകൊണ്ട് എന്തു ജാലവിദ്യയാണ് നെല്‍ കര്‍ഷകര്‍ കാണിക്കുക.
രാജ്യത്തെ കര്‍ഷകര്‍ ഓരോ ആണ്ടിലും രണ്ടു തവണ ദുരന്തങ്ങള്‍ പേറേണ്ടവരായിവന്നിരിക്കയാണ്. ഒന്ന് മഴക്കെടുതി, അല്ലെങ്കില്‍ വരള്‍ച്ച. ഇതു രണ്ടും അനുഭവിക്കേണ്ടതായി വരുന്ന ഹതഭാഗ്യരും വളരെ ഏറെയാണ്. ഇങ്ങനെ അതി ദയനീയ അവസ്ഥയില്‍ കര്‍ഷകര്‍ കഴിയുമ്പോഴാണ് മുഴുവന്‍ കര്‍ഷകര്‍ക്കും ഒരുമിച്ചിരിക്കാനുള്ള വേദി സ്വതന്ത്ര കര്‍ഷക സംഘം രൂപപ്പെടുത്തുന്നത്. ‘ഫാര്‍മേഴ് പാര്‍ലിമെന്റ്’. ഇത് സകല കര്‍ഷര്‍ക്കുമായി ഒരുക്കുന്നതാണ്. കക്ഷി രാഷ്ട്രീയമോ കൃഷി ഇനങ്ങളോ ചെറുകിട വന്‍കിട വ്യത്യാസങ്ങളോ ഇല്ല. ഇങ്ങിനെ ഒരു സംരംഭം പ്രത്യേകിച്ച് കേരളത്തില്‍ ആദ്യമാണ്. കര്‍ഷക സംഘടനകളും വാഴുന്നോരുടെ കൊടി നോക്കി നയം രൂപപ്പെടുത്തുകയും സമരങ്ങള്‍ക്ക് കോപ്പുകൂട്ടുകയും ചെയ്യുന്ന കാലമാണല്ലോ മുമ്പിലുള്ളത്. അത് കര്‍ഷകരെ രക്ഷപ്പെടുത്തില്ലെന്ന തിരിച്ചറിവ് തന്നെയാണ് സ്വതന്ത്ര കര്‍ഷക സംഘത്തെ പ്രേരിപ്പിച്ചത്. കേരളത്തില്‍ 3000 കേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഒത്തു കൂടും. കര്‍ഷകര്‍ അനുഭവിക്കുന്ന സകല പ്രശ്‌നങ്ങളും ഫാര്‍മേഴ്‌സ് പാര്‍ലിമെന്റില്‍ സമഗ്രമായി ചര്‍ച്ച ചെയ്യും. ആവശ്യങ്ങളും പരിഹാര നിര്‍ദേശങ്ങളും ഗൗരവത്തോടെ പരിഗണിക്കുന്നതും സംഘടന തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
സ്വതന്ത്ര കര്‍ഷക സംഘം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എല്ലാ സംഘടനകളും അനുകരിക്കാന്‍ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അവ മുഴുവന്‍ കര്‍ഷകരുടേതുമായി വ്യാപരിക്കയും ചെയ്തിട്ടുണ്ട്. ഫാര്‍മേഴ്‌സ് പാര്‍ലിമെന്റും മാതൃകയാവുമെന്നാണ് പ്രതീക്ഷ. 2018 ഡിസംബര്‍ 10 മുതല്‍ 2019 ജനുവരി 20 വരെയുള്ള 41 ദിവസങ്ങളിലാണ് ഫാര്‍മേര്‍സ് പാര്‍ലിമെന്റ് സമ്മേളിക്കുക. സംസ്ഥാനത്തെ പ്രഥമ പാര്‍ലിമെന്റ് ഡിസംബര്‍ 10ന് കോഴിക്കോട് ജില്ലയിലെ കായക്കൊടിയില്‍ ചേരും.