കെ.എ ഹര്‍ഷാദ്
താമരശ്ശേരി: ഒരുകൂട്ടം കര്‍ഷകര്‍ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് പിന്നാലെ പോവുമ്പോള്‍, പാരമ്പര്യ ഇനം പയര്‍ കൃഷി ചെയ്ത് മികച്ച വിളവുനേടി മറ്റുള്ളവര്‍ക്ക് വിസ്മയമാവുകയാണ് രാജന്‍ തേക്കിന്‍കാട് എന്ന കര്‍ഷകന്‍. വയനാട്ടിലെ കുറിച്യ വിഭാഗത്തിനിടയില്‍ പാരമ്പര്യമായി കൃഷി ചെയ്തു വരുന്ന കാര്‍കൂന്തല്‍ ഇനം പയര്‍ താമരശ്ശേരി ചുരത്തിലെ മലനിരകളോട് ചേര്‍ന്നുകിടക്കുന്ന മരുതിലാവില്‍ കൃഷിയിറക്കിയാണ് രാജന്‍ പൊന്നുവിളയിച്ചത്. പത്തുവര്‍ഷമായി പച്ചക്കറി കൃഷി ഉപജീവനമാക്കിയ രാജന്‍ പയര്‍കൃഷിയിലാണ് കൂടുതലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അരയേക്കറില്‍ ആരംഭിച്ച കൃഷി പിന്നീട് വ്യാപിപ്പിച്ചു.
ചെങ്കുത്തായ മലഞ്ചെരുവിലെ രണ്ടേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കളകള്‍ നീക്കം ചെയ്തു. തട്ട് തട്ടാക്കി കുമ്മായം ചേര്‍ത്ത് മണ്ണൊരുക്കി രണ്ടാഴ്ചക്ക് ശേഷം വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി ചേര്‍ത്ത് തടമെടുത്തു. മഴക്കാലത്ത് തടത്തില്‍ വിത്തിട്ടും അല്ലാത്ത സമയങ്ങളില്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചുമാണ് പയര്‍ നടുന്നത്. വയനാട്ടിലെ പാരമ്പര്യ കര്‍ഷകനില്‍ നിന്നും വാങ്ങിയ കാര്‍കൂന്തല്‍ ഇനം പയര്‍വിത്താണ് ഉപയോഗിച്ചത്.
രണ്ടില പ്രായമാകുമ്പോഴേക്കും താങ്ങായി പന്തലൊരുക്കും. രണ്ട് വശത്തും കമ്പ്‌നാട്ടി അതിനു താഴെയും മുകളിലും കയര്‍വലിച്ചുകെട്ടി പയര്‍വള്ളി പടര്‍ന്നുകയറാന്‍ സൗകര്യമൊരുക്കും. നാല്‍പത് ദിവസത്തിനു ശേഷം പൂവിടുന്ന പയര്‍ചെടി അറുപതാം ദിവസം മുതല്‍ വിളവെടുത്ത് തുടങ്ങും. മൂന്ന് ദിവസം കൂടുന്തോറും വിളവെടുക്കും. മൂന്നു വിളവെടുപ്പ് കഴിഞ്ഞാല്‍ വിത്തിനുള്ള പയര്‍ പറിക്കാതെ തോട്ടത്തില്‍ സൂക്ഷിക്കും. മൂത്തു പഴുത്ത പയര്‍ മഞ്ഞും ഇളംവെയിലും കൊള്ളിച്ച് ഉണക്കി സൂക്ഷിക്കും. ഇതാണ് പിന്നീടുള്ള ക്യഷിക്ക് ഉപയോഗിക്കുന്നത്.
നാടന്‍ പയര്‍ ഇനങ്ങളില്‍ വലിപ്പത്തില്‍ മുമ്പിലുള്ള ഇതിന് ഏതാണ്ട് മുക്കാല്‍ മീറ്ററോളം നീളം വരും. ഒരു പയറില്‍ ഇരുപത്തഞ്ച് മണികള്‍ വരെയുണ്ടാകും. കൂടുതല്‍ കാലം (രണ്ടര മാസം) വിളവെടുക്കാമെന്നതും രോഗകീടങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണെന്നതും കാര്‍കൂന്തല്‍ ഇനത്തിന്റെ പ്രത്യേകതയാണ്. സ്വാദേറിയതും പച്ചകലര്‍ന്ന വെള്ള നിറത്തോടു കൂടിയ കലര്‍പ്പില്ലാത്ത ഈ ഇനം ‘കേളു പയര്‍’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രണ്ടേക്കറില്‍ നിന്ന് ഒറ്റതവണയുള്ള കൃഷിയില്‍ ശരാശരി 20-25 ക്വിന്റലോളം വിളവ് ലഭിക്കുന്നുണ്ട്. ഇങ്ങാപ്പുഴ, താമരശ്ശേരി, നരിക്കുനി എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കിയാണ് വില്‍പ്പന നടത്തുന്നത്. കോടഞ്ചേരി കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള കൃഷിവകുപ്പ് ഉദ്യോസ്ഥരുടെ സഹായം രാജന് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്.