മന്‍സോര്‍ (മധ്യപ്രദേശ്): കാര്‍ഷിക വിളകള്‍ക്ക് ന്യായവില നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഉപവാസം. ഇന്നു മുതല്‍ സമാധാനം പുന:സ്ഥാപിക്കുന്നതുവരെ താന്‍ ഉപവസിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍, വിഷയത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കുകയാണ് വേണ്ടതെന്നാണ് കര്‍ഷകരുടെ അഭിപ്രായം. വായ്പ തിരിച്ചടവു മുടങ്ങിയവരുടെ പലിശ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് പതിനൊന്ന് മണിമുതല്‍ ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, കര്‍ഷക പ്രതിഷേധം തലസ്ഥാനമായ ഭോപ്പാലിലേക്കും പടര്‍ന്നു. പലയിടത്തും കല്ലേറ് ഉണ്ടായി. ചിലര്‍ ട്രക്കിന് തീയിട്ടു. പൊലീസ് വാഹനങ്ങള്‍ക്കു നേരെയും ജനങ്ങളുടെ ഭാഗത്ത് നിന്നും കയ്യേറ്റമുണ്ടായി. പല സ്ഥലത്തും നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.