ന്യൂഡല്‍ഹി: തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഉടന്‍ തീരുമാനമാവാത്ത പക്ഷം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിനായി കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് എല്ലാ തയ്യാറെടുപ്പുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത്. സാംഗ്രൂര്‍, അമൃത്സര്‍, തണ്‍ തരണ്‍, ഗുരുദാസ്പൂര്‍, ഭട്ടിന്‍ഡ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് വരുന്നത്.
പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന്‍ കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. ഡല്‍ഹി-യു.പി. അതിര്‍ത്തികളിലും കൂടുതല്‍ കര്‍ഷകരെത്തി. കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു.
പുതുവത്സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.