ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് തുടരുന്നു. നിയമത്തിനെതിര ആറാം ദിവസവും കര്‍ഷകര്‍ രാജ്യമെമ്പാടും പ്രതിഷേധിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ കുത്തകകമ്പനികളെ സഹായിക്കാനാണെന്നും അതിനാല്‍ റിലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു.
റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ വാങ്ങരുതെന്നും അവരുടെ നമ്പറുകള്‍ ജിയോയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കര്‍ഷകര്‍ ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍ സത്‌നം സിംഗ് പന്നു പറഞ്ഞു.
ബാഗാപുരാന മണ്ഡിയിലെ 115 കര്‍ഷകര്‍ അവരുടെ സെല്‍ഫോണ്‍ നമ്പറുകള്‍ റിലയന്‍സ് ജിയോയില്‍ നിന്നും മറ്റ് ടെലികോമുകളിലേക്ക് പോര്‍ട്ട് ചെയ്തതായി അസോസിയേഷന്‍ പ്രസിഡന്റ് അമര്‍ജീത് സിംഗ് ബ്രാര്‍ പറഞ്ഞു. കൂടാതെ അവരുടെ കുടുംബാംഗങ്ങളും ജോലിക്കാരും ഇത് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ അടയാളമായാണ് ഞങ്ങള്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പഞ്ചാബിലെ അഞ്ച് ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ആരും നികുതി നല്‍കില്ലെന്ന് ഉറപ്പാക്കുമെന്നും ഭാരതി കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ജാണ്ട സിംഗ് ജെതുക്കെ പറഞ്ഞു.
അതേസമയം, കോര്‍പ്പറേറ്റുകളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും ബഹിഷ്‌കരിക്കുന്നതിലൂടെ കര്‍ഷകരുടെ പ്രസ്ഥാനം ഒരു ജനകീയസമരത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഒക്ടോബര്‍ 2 ന് അവസാനിക്കേണ്ട ‘റെയില്‍ റോക്കോ’ പ്രക്ഷോഭം അനിശ്ചിതമായി നീട്ടുകയും ചെയ്യുന്നതിനുമാണ് കര്‍ഷകരുടെ തീരുമാനം. കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെ കര്‍ഷകര്‍ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വസതികള്‍ക്ക് പുറത്ത് ധര്‍ണ നടത്തുമെന്നും ബികെയു നേതാവ് ബിഎസ് രാജേവാള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടയുന്നതുള്‍പ്പെടെയുള്ള പ്രതിഷേധമാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ നടത്തുമെന്നാണ് തീരുമാനം.
ഒക്ടോബര്‍ 14 ന് കര്‍ഷകര്‍ ‘എം.എസ്.പി അധികര്‍ ദിവാസ്’ ആചരിക്കുമെന്ന് കാര്‍ഷിക സംഘടന അറിയിച്ചു. എല്ലാ പ്രക്ഷോഭങ്ങളും നവംബര്‍ 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ ദേശീയ പ്രതിഷേധം നടക്കും. ഈ കര്‍ഷക വിരുദ്ധനിയമം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ചലോ പരിപാടിയില്‍ എല്ലാ കര്‍ഷകരും പങ്കെടുക്കണമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.