X
    Categories: indiaNews

കാര്‍ഷിക ബില്ലില്‍ അടിപതറി ബിജെപി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകളില്‍ ബി.ജെ.പിക്ക് അടിപതറുന്നു. മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടു. മറ്റു ഘടക കക്ഷികളും ബില്ലില്‍ കടുത്ത പ്രതിഷേധത്തിലാണ്. രാജ്യമാകെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പുതിയ സംഭവ വികാസങ്ങള്‍.

ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി. ജനസംഘമായിരുന്ന കാലം മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്‍. 1997 മുതല്‍ ഇരു പാര്‍ട്ടികളും സഖ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടുവന്നത്.

ഇത്തരമൊരു ബില്‍ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാന്‍ കഴിയില്ലെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ അറിയിച്ചു. ഇതേവിഷയം ചൂണ്ടിക്കാട്ടിയാണ് ഹര്‍സിമ്രത് കൌര്‍ നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കോര്‍പ്പറേറ്റ് വല്‍ക്കരണത്തില്‍ ഭ്രമിച്ച സര്‍ക്കാര്‍ വിഷയം ഗൗനിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന മൂന്നു ബില്ലുകളെയും എതിര്‍ത്താണ് ശിരോമണി അകാലിദള്‍ വോട്ട് ചെയ്തത്. എന്നാല്‍ ബില്ലുകള്‍ ശബ്ദ വോട്ടോടെ പാര്‍ലമെന്റിലെ ഇരു സഭകളിലും പാസാക്കുകയായിരുന്നു. സെപ്റ്റംബര്‍ 17നായിരുന്നു ഹര്‍സിമ്രതിന്റെ രാജി.

 

chandrika: