കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ജീവനുള്ള മുതലയുമായി കര്‍ഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. വൈദ്യുതി വകുപ്പിന്റെ ഓഫീസിലേക്കാണ് കാളവണ്ടിയില്‍ മുതലയെ കയറുകൊണ്ട് കെട്ടി വന്നത്. കലബുറഗി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഫ്‌സല്‍പൂര്‍ താലൂക്കിലാണ് സംഭവം. ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
അഫ്സല്‍പൂര്‍ താലൂക്കിലെ ഗൊബ്ബൂര്‍ (ബി) ഗ്രാമത്തിലെ ഒരു ഫാമില്‍ നിന്ന് പിടികൂടിയ മുതലയെയാണ് കൊണ്ടു വന്നത്. ലക്ഷ്മണ്‍ എന്ന കര്‍ഷകന്‍ ഭീമാ തന്റെ കൃഷിയിടത്തില്‍ രാത്രി വിളകള്‍ നനയ്ക്കുന്നതിനിടെ മുതലയെ കാണുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം മറ്റ് കര്‍ഷകരെ സഹായത്തിനായി വിളിച്ച് മുതലയെ പിടികൂടി.
നാല് മണി വരെയുള്ള വൈദ്യുതി വിതരണം ആറ് മണി വരെ ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രാത്രിയില്‍ വൈദ്യുതി വിതരണം തടസ്സമാവുന്നതിനാല്‍ മുതലയും പാമ്പും മറ്റ് ഇഴജന്തുക്കളും തങ്ങളെ ആക്രമിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
ശേഷം മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.