X
    Categories: keralaNews

ഫാരിസ് അബൂബക്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെറെയ്ഡ്

വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കൊച്ചിയിലും കൊയിലാണ്ടി നന്തിബസാറിലും ഡല്‍ഹിയിലും ചെന്നെയിലും മുംബൈയിലും പരിശോധന നടന്നു.
റിയല്‍ എസ്‌റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യുണിറ്റാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം ഭൂമിയടക്കം വാങ്ങി നികത്തി വന്‍കിട ഗ്രൂപ്പുകള്‍ക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തില്‍ ശോഭാ ഡെവലപ്പേഴ്‌സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൃശൂരിലെ ഹെഡ് ഓഫീസിലാണ് പരിശോധന നടന്നത്. ഫാരിസ് വിദേശത്താണുള്ളത്. സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുമ്പ് പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

പാര്‍ട്ടിയിലെ വിഭാഗീയത കാലത്ത് പിണറായി വിജയനും മറ്റ് നേതാക്കള്‍ക്കുമെതിരെ വി.എസ്. അച്യുതാനന്ദന്‍ ഫാരിസ് അബൂബക്കറുമായുള്ള ബന്ധമാരോപിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഫാരിസ് അബൂബക്കര്‍ തന്നെ രംഗത്ത് വന്നിരുന്നു. ഫാരിസിന്റെ പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി മണിക്കൂറുകളോളം വീട്ടില്‍ ചിലവഴിച്ചത് വിവാദമായിരുന്നു.

 

Chandrika Web: