യാക്കോബായ സുറിയാനി സഭാ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് വിട നല്‍കി വിശ്വാസികള്‍. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.
യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് മാര്‍ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാല തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ശ്രേഷ്ഠ ഇടയന്റെ വില്‍പത്രം വായിച്ചു. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്ന് വില്‍പത്രത്തില്‍ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണമെന്നും വില്‍പ്പത്രത്തില്‍ പറയുന്നു.
മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍ വാസവന്‍ തുടങ്ങി നിരവധിപേര്‍ ബാവക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
മൃതദേഹം കോതമംഗലത്ത് ചെറിയപ്പള്ളി, മര്‍ത്തമറിയം വലിയപ്പള്ളി എന്നിവിടങ്ങളില്‍ ഇന്നലെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.