X

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

webdesk14: