റസാഖ് ഒരുമനയൂര്‍
അബൂദാബി: യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുഎഇ യുടെ മാതൃകയോഗ്യമായ മുന്നേറ്റങ്ങളുടെ ശില്പിയും മുന്നണിപ്പോരാളിയുമായിരുന്നു ശൈഖ് ഖലീഫ. രാജ്യത്ത് അധിവസിക്കുന്ന വിവിധ ദേശക്കാരും സംസ്‌കാരക്കാരുമായ ജനങ്ങളെ ഏകോദര സഹോദരങ്ങളെപ്പോലെ ഒന്നിപ്പിക്കുന്ന കണ്ണിയും ലോക ജനതയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി യുഎഇ നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജ സ്രോതസുമായിരുന്നു അദ്ദേഹം.
ലോക സമാധാന സ്ഥാപനത്തിന്റെയും വിജ്ഞാന പ്രസരണത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും ചരിത്രത്തില്‍ അദ്ദേഹത്തിന്റെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്നും രാഷ്ട്ര ശില്പിയും സ്വന്തം പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടരാന്‍ ശൈഖ് ഖലീഫക്ക് സാധ്യമായെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ കനത്ത നഷ്ടത്തില്‍ പൂര്‍ണ്ണമായും പങ്കുചേരുന്നതായും മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെക്കുന്നതായും പരേതന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.