X
    Categories: gulfNews

ഫാന്‍സ് മയം ഫ്‌ളാഗ് പ്ലാസ

അശ്‌റഫ് തൂണേരി

കോര്‍ണിഷിലെ ഫ്‌ളാഗ് പ്ലാസയില്‍ തിരക്കോട് തിരക്കാണ്. 32 ടീമുകളുടെ ദേശീയ പതാക വാനിലുയര്‍ന്ന് പറക്കുമ്പോള്‍ ആരാധകരുടെ സെല്‍ഫി പോയിന്റിപ്പോള്‍ ഇവിടമാണ്. കത്തുന്ന ഉച്ചവെയിലില്‍ തൂവെള്ള വസ്ത്രമണിഞ്ഞ് ഇന്ത്യക്കാരെന്ന് തോന്നുന്ന രണ്ടു ചെറുപ്പക്കാര്‍ ദൂരെ നിന്ന് നടന്നു വരുന്നു. വേഷം കണ്ടാല്‍ തന്നെ ഷെഫുമാരെന്ന് തോന്നും. സ്ഥലം വിവിധ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദോഹ, റാസ്അബൂഅബൂദ് 974 സ്‌റ്റേഡിയത്തിനരികെ. ഇരുവരും വേഗത്തില്‍ പോവുന്നത് കടലോരത്തിനരികെയുള്ള സ്‌റ്റേഡിയത്തിനു മുമ്പിലുള്ള ഫിഫ ഖത്തര്‍ ലോകകപ്പ് 2022 ട്രാഫി മാതൃകക്ക് മുമ്പിലേക്ക്. പരസ്പര നോട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും ഇന്ത്യക്കാരായി. ആമുഖമില്ലാതെ പരിചിതരായി. കമാലും മാര്‍ട്ടിനും. പശ്ചിമബംഗാളിലെ കല്‍ക്കത്തയില്‍ നിന്നാണ്. മികച്ച പാചകക്കാര്‍. ഇറാഖ്, ഒമാന്‍, യു.എ.ഇ, അഫ്ഗാന്‍ എന്നിവിടങ്ങളിലെല്ലാം ആഗോള ബ്രാന്‍ഡുകള്‍ക്കായി കൊതിയൂറും വിഭവങ്ങളൊരുക്കിയിട്ടുണ്ട് കമാല്‍.

മാര്‍ട്ടിനും മോശക്കാരനല്ല. ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരിചയസമ്പത്തുണ്ട്. ഇപ്പോള്‍ ഖത്തര്‍ ലോകകപ്പിനായി രണ്ടു മാസം മുമ്പാണ് എത്തിയത്. അംവാജ് കാറ്ററിംഗിനായി സേവനം ചെയ്യുന്നു. കോണ്ടിനെന്റല്‍, അറബ് വി‘വങ്ങള്‍ ഒരുക്കാന്‍ രാവെന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കുന്നതിനിടയില്‍ കിട്ടിയ ഒരു വെള്ളിയാഴ്ച ഉച്ച നേരം നോക്കി സ്‌റ്റേഡിയത്തിനടുത്ത് നിന്ന് ഫോട്ടോയെടുക്കാനിറങ്ങിയതാണ്. ഫുട്‌ബോള്‍ ആവേശം അതിയായി ഉണ്ട്. റാസ്അബൂഅബൂദില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് ഔട്ട്‌ലെറ്റുകള്‍ക്കായി ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നു. 20 ജീവനക്കാര്‍ വിളമ്പാനുണ്ട്. കളിക്കാര്‍ക്കും കാണികള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം രുചിയൊരുക്കുന്ന തിരക്കില്‍ ഒരല്‍പ്പനേരത്തെ ആഹ്ലാദമായിരുന്നു കടല്‍ക്കാറ്റേറ്റുള്ള ഫോട്ടോ സെഷന്‍.

Test User: