തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു. വടക്കന്‍ തമിഴ്‌നാട്ടിലേക്കും ആന്ധ്രാ പ്രദേശിലേക്കുമാണ് കാറ്റിന്റെ നിലവിലെ ഗതി. എന്നാല്‍ ചൊവ്വാഴ്ച്ചയോടെ ഇത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണു വിലയിരുത്തല്‍. കേരളത്തില്‍ മേയ് ഒന്നുവരെ വ്യാപക മഴയുണ്ടാകും. ദുരന്തമൊഴിവാക്കാന്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും പോയവരുണ്ടെങ്കില്‍ ഉടന്‍ തിരിച്ചെത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളും ചൊവ്വയും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടാനിടയുണ്ട്. രാത്രി യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടാന്‍ പ്രളയ കിറ്റ് കരുതാനും നിര്‍ദ്ദേശമുണ്ട്. 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.