X

കോലിയോട് പത്തു വയസ്സുകാരി അലറി വിളിച്ചു; പോയി കര്‍ഷകരെ പിന്തുണയ്ക്കൂ

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോട് കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് ആരാധിക നടത്തിയ രോഷപ്രകടനം വൈറല്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പവലിയനിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് പത്തു വയസ്സുകാരിയായ ആരാധിക കോലിയോട് കര്‍ഷകരെ പിന്തുണയ്ക്കാന്‍ അലറി വിളിച്ച് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ കര്‍ഷകരെ പിന്തുണയ്ക്കൂ. കിസാന്‍ ഐക്യം സിന്ദാബാദ് എന്നിങ്ങനെയായിരുന്നു പെണ്‍കുട്ടിയുടെ വാക്കുകള്‍.

കോലി പെണ്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയ ശേഷം ഒന്നും മിണ്ടാതെ നടന്നകന്നു. കോലി പെണ്‍കുട്ടിയുടെ ശബ്ദം കേട്ടോ എന്നതില്‍ വ്യക്തതയില്ല.

അതിനിടെ, നിരവധി കായിക താരങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. പഞ്ചാബിലെ ബോക്‌സര്‍മാരായ ജയ്പാല്‍ സിങ്, കൗര്‍ സിങ്, ഗുര്‍ബക്‌സ് സിങ് സന്ധു എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു.

പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ തനിക്കു ലഭിച്ച ഖേല്‍ രത്‌ന പുരസ്‌കാരം തിരികെ നല്‍കുമെന്ന് ഒളിംപിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് മുന്നറിയിപ്പ് ന്ല്‍കിയിട്ടുണ്ട്. അര്‍ജുന പുരസ്‌കാര ജേതാവും മുന്‍ ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് സീമയും പ്രതിഷേധത്തിന് പിന്തുണയറിയിച്ചു.

ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Test User: