X

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

webdesk13: