പാലക്കാട്: പ്രശസ്ത നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂരിലെ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. 200ല്‍ പരം സിനിമകളിലും, 25ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
തമിഴ് നടന്‍ കെ പി കേശവന്റെ മകളാണ്. പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും മലയാളി സമാജങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 1971ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി ആരംഭിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ ട്രൂപ്പ് പരിച്ചുവിട്ടിരുന്നു.
പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വര്‍ണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂര്‍വം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികള്‍ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങള്‍. ചാലക്കുടി സാരഥി തീയറ്റേഴ്‌സിനു വേണ്ടി നടന്‍ തിലകന്‍ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തില്‍ മീന ഗണേഷ് ചെയ്ത ‘കുല്‍സുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എന്‍ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടര്‍ച്ചയായി മൂന്നു വര്‍ഷം അവതരിപ്പിച്ചു.