X

പാകിസ്താനില്‍ പട്ടിണി: അവശ്യവസ്തുക്കള്‍ പോലും ലഭിക്കാതെ പൊറുതിമുട്ടി ജനങ്ങള്‍

പാകിസ്താനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ ജനങ്ങള്‍ കടുത്ത ക്ഷാമത്തിലേക്ക്. വൈദ്യുതിയില്ലാതെയും അവശ്യ വസ്തുക്കള്‍ ലഭിക്കാതെയും കടുത്ത ക്ഷാമം നേരിടുകയാണ്. ഭക്ഷ്യവസ്തുക്കള്‍ പോലും ലഭിക്കാതെ കടുത്ത വറുതിയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

പാകിസ്താനില്‍ നെയ്യ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്കാണ് നിലവില്‍ വലിയ ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. നെയ്യുടെയും ഭക്ഷ്യ എണ്ണയുടെയും ലഭ്യതയില്‍ കടുത്ത ദൗര്‍ലഭ്യം നേരിടാന്‍ സാധ്യതയുണ്ടെന്ന് കൊരങ്കി അസോസിയേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ഉമര്‍ റെഹാന്‍ മുന്നറിയിപ്പ് നല്‍കി.

നിലവിലെ സാഹചര്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഷെയ്ഖ് ഉമര്‍ റെഹാന്‍ ആശങ്ക ഉന്നയിച്ചു. തുറമുഖങ്ങളില്‍ എത്തിയ ചരക്കുകളുടെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെടുകയാണെന്നും അടുത്ത 20 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് റെഹാന്‍ വിമര്‍ശിച്ചു. അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് തുറന്നില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

webdesk13: