ഫറോക്ക്: വള്ളങ്ങള്‍ കടലില്‍പോകാതെ ആഴ്ചകള്‍ പിന്നിട്ടതോടെ തീരദേശം കടുത്ത വറുതിയില്‍. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ കരയിലും ഉള്‍നദികളിലും കയറ്റിയ വള്ളങ്ങള്‍ കൂട്ട വിശ്രമത്തിലാണ്. ഒരു മാസമായി തുടര്‍ച്ചയായ കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാലും ജോലി നടക്കുന്നില്ല. ശക്തമായ കാറ്റും കടല്‍ക്ഷോഭവും കാരണം വള്ളമിറക്കാന്‍ കഴിയാതെ തൊഴിലാളികള്‍ നെടുവീര്‍പ്പിടുന്നു. കുറഞ്ഞ മത്സ്യം കിട്ടിയാല്‍പോലും നല്ല വില കിട്ടുന്ന കാലത്ത് കടല്‍ കനിയുന്ന നാളും നോക്കി കണ്ണും നട്ടിരിക്കയാണ് തീരമേഖല.
ഒരു പരീക്ഷണത്തിന് പോയി നോക്കണമെങ്കില്‍ വള്ളങ്ങളുടെ വലുപ്പമനുസരിച്ച് 5000 മുതല്‍ 30,000 രൂപ വരെ ചെലവഴിക്കണം. മീനില്ലാതെയോ പ്രതികൂല കാലാവസ്ഥ കാരണമോ തിരിച്ചു വരേണ്ടി വന്നാല്‍ കടം പിന്നെയും പെരുകുകയാകും ഫലം. രണ്ട് മുതല്‍ 50 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന വള്ളങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന പരമ്പരാഗത മത്സ്യ കേന്ദ്രമായ ചാലിയത്ത് നൂറോളം വലിയ വള്ളങ്ങളും അതിന്റെ നാലിരട്ടി ചെറുവള്ളങ്ങളുമുണ്ട്.
ബേപ്പൂര്‍ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറോളം ബോട്ടുകളില്‍ ഒട്ടുമിക്കതും വള്ളങ്ങളെപ്പോലെ വിശ്രമത്തിലാണ്. ചെലവിനനുസരിച്ച് മീന്‍ കിട്ടാത്തതിനാല്‍ കടലില്‍ പോകാത്തതാണ് ലാഭമെന്ന കണക്കുകൂട്ടലിലാണിവര്‍. ജൂണ്‍ പകുതിയോടെ ട്രോളിങ് നിരോധനംകൂടി വരുന്നതിനാല്‍ ബോട്ടുകള്‍ സുരക്ഷിത ഉള്‍ഭാഗങ്ങളില്‍ കയറ്റുകയാണിപ്പോള്‍. പ്രാരബ്ധം വിട്ടുമാറാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തികച്ചും വറുതിയുടെ റമസാന്‍ കാലമാണ് ഈ വര്‍ഷം. സാധാരണ തീരമേഖല കേന്ദ്രീകരിച്ച് നടന്നിരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളും ഇത്തവണ കുറവാണ്. നാടിനെ മൊത്തം ബാധിച്ച സാമ്പത്തിക മാന്ദ്യം ഇത്തരം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
ട്രോളിങ് നിരോധനത്തിലൂടെയും മറ്റും മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ഒരു വശത്ത് ശ്രമം നടക്കുമ്പോള്‍ തന്നെ കുഞ്ഞന്‍ മത്സ്യബന്ധനം നിര്‍ബാധം തുടരുന്നത് കടലിനെ കാലിയാക്കുന്നു. ആഴക്കടലില്‍ ബോട്ടുകള്‍ പിടികൂടുന്ന മത്സ്യങ്ങളില്‍ പകുതിയോളം കുഞ്ഞന്‍ മത്സ്യങ്ങളാണെന്ന് തൊഴിലാളികള്‍ തന്നെ സമ്മതിക്കുന്നു. ഇതില്‍ ഏറെയും ചത്തശേഷം കടലില്‍ തള്ളപ്പെടുകയോ കരയിലെത്തിച്ച് തുച്ഛവിലയ്ക്ക് വളമാക്കാനും മറ്റും കൈമാറുകയോ ചെയ്യുന്നു. ഇതിന് അറുതിയായാല്‍ തന്നെ കുറെയൊക്കെ മത്സ്യസമ്പത്തിനെ പിടിച്ചു നിര്‍ത്താം.
എന്നാല്‍, 9 ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനത്തോടെ പൂര്‍ണ്ണമായും മല്‍സ്യതൊഴിലാളികള്‍ വറുതിയിലാവും. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തെയ്ക്കാണ് നിരോധനമെങ്കിലും ട്രോളിങ് നിരോധനത്തിന്റെ പരിധിയില്‍പ്പെടുത്തി നാടന്‍വള്ളങ്ങള്‍ കടലില്‍പോകുന്നത് തടഞ്ഞാല്‍ നേരിടുമെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍. ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്നും മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
ട്രോളിങ് നിരോധനത്തിന്റെ പേരില്‍ കടലില്‍ പോകുന്നത് തടയാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. വള്ളങ്ങള്‍ക്കും ട്രോളിങ് നിരോധനം ബാധകമാക്കിയ ഹൈക്കോടതി ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനാണ് നിരോധനമെന്നും പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനമില്ലെന്നും മല്‍സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്തുവന്നാലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമെന്നും തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.