സഊദിയില്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ മലയാളി കുടുംബത്തിന് വന്‍ തുക പിഴ. വിസ കാലാവധി കഴിയുന്ന കാര്യം ഗൗരവത്തിലെടുക്കാതെ പരീക്ഷ അവസാനിക്കാന്‍ കാത്തിരുന്ന മലയാളി കുടുംബത്തിനാണ് ഈ ദുര്‍ഗതി. പടിഞ്ഞാറന്‍ സഊദിയിലെ തബൂക്കിലാണ് സംഭവം. വിസ കാലാവധി കഴിഞ്ഞതോടെ ഭാര്യക്കും രണ്ട് മക്കള്‍ക്കുമായി 45,000 റിയാല്‍ ഫൈനടക്കാനാണ് തബൂക്കിലെ മലയാളി യുവാവ് നിര്‍ബന്ധിതനായിരിക്കുന്നത്.
പിഴ തുക അടച്ചശേഷം ഫാമിലിയോടൊപ്പം യുവാവിനും തര്‍ഹീല്‍ വഴി നാട്ടിലേക്ക് മടങ്ങേണ്ടിവരും. അപ്രതീക്ഷിത പ്രതിസന്ധിയിലായ മലയാളി ജവാസാത്തിലും തര്‍ഹീലിലും മാറി മാറി പോയതല്ലാതെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. തര്‍ഹീല്‍ വഴി നാട്ടിലേക്ക് പോകുന്നതിനാല്‍ മൂന്ന് വര്‍ഷം സഊദിയിലേക്ക് മടങ്ങാനും സാധ്യമല്ല.
വിസ കാലാവധി കഴിഞ്ഞാലും ഇളവ് ലഭിക്കുമെന്നിം ജവാസാത്തില്‍ നേരിട്ട് പോയാല്‍ കാര്യം നടക്കുമെന്നുമൊക്കെയുള്ള വിശ്വാസമാണ് ഇവരെ ഇത്തരത്തില്‍ ഒരു കെണിയില്‍ എത്തിച്ചത്. വിസിറ്റ് വിസ കാലാവധി കഴിയുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഔദാര്യമോ ആനുകൂല്യമോ പ്രതീക്ഷിക്കേണ്ടെന്നും വിസിറ്റ് വിസയില്‍ കൊണ്ടുവരുന്നവരെ യഥാസമയം തിരിച്ചയച്ച് നടപടികളില്‍നിന്ന് ഒഴിവാകണമെന്നും ഈ പ്രശ്‌നത്തില്‍ ഇടപെട്ട തബൂക്കിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഓര്‍മ്മപ്പെടുത്തുന്നു.
സഊദിയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞാല്‍ ആദ്യതവണ 15,000 റിയാല്‍ ഫൈന്‍ ഈടാക്കുമെന്നാണ് ചട്ടം. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക 50,000 റിയാല്‍ വരെ ഉയരും.
നേരത്തെ, വിസിറ്റ് വിസയിലെത്തിയവര്‍ പിഴയടച്ച് തര്‍ഹീല്‍ വഴി നാട്ടിലേക്ക് പോകാന്‍ അവസരം ഉണ്ടായിരുന്നവങ്കിലും ഈ ഇളവ് ഇപ്പോള്‍ ലഭ്യമല്ല. ഇതാണ് ഈ കുടുംബത്തിന് മൊത്തം ഇത് ബാധകമായത്. വിസ നിയമം ലംഘിച്ചാല്‍ വിസ എടുത്ത സ്‌പോണ്‍സറേയും (വിസിറ്റിങ് വിസ എടുക്കുന്ന വ്യക്തി) നാടുകടത്തുമെന്ന കര്‍ശന നിലപാടാണ് ജവാസാത്ത് സ്വീകരിച്ചിരിക്കുന്നത്.